പ്രണവ് മോഹൻലാൽ നായകനായ ഡീയസ് ഈറേ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. ആദ്യ 10 ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ കണക്കുകള്‍
സമീപകാല മലയാള സിനിമയില്‍ ഡിസ്ട്രിബ്യൂഷനും മാര്‍ക്കറ്റിംഗും ഏറ്റവും നന്നായി നിര്‍വ്വഹിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഡീയസ് ഈറേ. മാര്‍ക്കറ്റിംഗ് എന്നത് റിലീസിന് മുന്‍പ് അണിയറക്കാര്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത് മാത്രമല്ലെന്ന് ബോധ്യപ്പെടുത്തിയ ചിത്രം. ഒപ്പം ഹാലോവീന്‍ വാരാന്ത്യത്തില്‍ മികച്ച ആഗോള റിലീസ്. ഒപ്പം ഒരു മലയാള ചിത്രത്തിന് ആദ്യമായി റിലീസ് തലേന്ന് പെയ്ഡ് പ്രീമിയര്‍ ഷോകള്‍. ആദ്യ ഷോകളില്‍ മികച്ച അഭിപ്രായം വന്നതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിച്ചു. അത് ഇപ്പോഴും തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ ചിത്രത്തിന്‍റെ 10 ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
6 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണിത്. പ്രണവിന്‍റെ ഹാട്രിക് 50 കോടി ക്ലബ്ബും. മോഹന്‍ലാലിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള നടന്‍ കൂടിയാണ് പ്രണവ്. എന്നാല്‍ 50 കോടി ക്ലബ്ബില്‍ ചിത്രം യാത്ര അവസാനിപ്പിക്കില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന പുതിയ കണക്കുകള്‍. ട്രാക്കര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് ആദ്യ 10 ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 71 കോടി രൂപയാണ്. 50 കോടി ക്ലബ്ബിന് ശേഷവും തിയറ്ററുകളില്‍ ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇത്. ഒപ്പം ഡിസ്ട്രിബ്യൂഷനിലെ മികച്ച പ്ലാനിംഗും നേട്ടമുണ്ടാക്കിക്കൊടുത്ത ഘടകമാണ്.
ഒക്ടോബര്‍ 31 ന് റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് ഇത്. രണ്ടാം വാരത്തില്‍ 19 പുതിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യപ്പട്ടു. അങ്ങനെ ചിത്രം റിലീസ് ചെയ്യപ്പെട്ട വിദേശ രാജ്യങ്ങളുടെ എണ്ണം 39 ആയി വര്‍ധിച്ചു. ഇന്ത്യയില്‍ മലയാളം പതിപ്പിന്‍റെ രണ്ടാം വാരത്തിലെ സ്ക്രീന്‍ കൗണ്ട് 482 ആണ്. ഇത് കൂടാതെ തെലുങ്ക് പതിപ്പും ഈ വാരം തിയറ്ററുകളില്‍ എത്തി. എല്ലാം ചേര്‍ത്ത് രണ്ടാം വാരത്തില്‍ ആയിരത്തിനടുത്താണ് ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ട്. ഹൊറര്‍ ത്രില്ലര്‍ ആയതിനാല്‍ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും കണക്റ്റ് ചെയ്യാന്‍ സാധിക്കുന്ന ചിത്രമാണ് എന്നത് ബോക്സ് ഓഫീസിലും പ്ലസ് ആണ്. 75 കോടി കടക്കാനിരിക്കുന്ന ചിത്രം ഇനിയുള്ള പ്രധാന നാഴികക്കല്ലുകളും പിന്നിടുമോ എന്ന കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.



