പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം ആഗോളതലത്തില്‍ നേടിയത്

മലയാള സിനിമയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെപ്പോലെ മികച്ച വര്‍ഷമാണ് കടന്നുപോകുന്നതും. തുടരെ മികച്ച ജനപ്രീതി നേടുന്ന വിജയ ചിത്രങ്ങള്‍ സംഭവിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് രണ്ട് തവണ തകര്‍ക്കപ്പെടുന്നതിനും ഈ വര്‍ഷം തന്നെ സാക്ഷ്യം വഹിച്ചു. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചാല്‍ ആ ചിത്രം കാണാന്‍ ആബാലവൃദ്ധം ജനങ്ങള്‍ ഇരച്ചെത്തുന്നതാണ് കേരളത്തിലെ തിയറ്ററുകളുടെ നിലവിലെ റിയാലിറ്റി. ഏറ്റവുമൊടുവില്‍ വന്‍ ഒക്കുപ്പന്‍സിയോടെ തിയറ്ററുകള്‍ നിറയ്ക്കുന്നത് പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ ആണ്.

ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്ന ചിത്രമാണ് ഇത്. രാഹുലിനൊപ്പം പ്രണവ് കൂടി എത്തുന്നതിന്‍റെ കൗതുകവും പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. പ്രീ റിലീസ് ഹൈപ്പിനെ ചിത്രം സാധൂകരിച്ചതോടെ തിയറ്ററുകളിലേക്ക് ജനം ഒഴുകി എത്തുകയാണ്. റിലീസ് തലേന്ന് പെയ്ഡ് പ്രീമിയറുകള്‍ നടത്തുകയെന്ന പുതുമയും ഡീയസ് ഈറേയുടെ കാര്യത്തില്‍ നടന്നു. ചിത്രം 10 കോടിക്ക് മുകളില്‍ ഓപണിംഗ് നേടിയതായി ഇന്നലെ രാവിലെ തന്നെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കുറച്ചുകൂടി വ്യക്തമായ ആഗോള ഓപണിംഗ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ട്രാക്കര്‍മാര്‍.

ഡീയസ് ഈറേ ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 11.63 കോടി രൂപയാണ്. മോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിംഗ് ആണ് അത്. 68.2 കോടി നേടിയ എമ്പുരാന്‍, 17.18 കോടി നേടിയ തുടരും എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മോഹന്‍ലാലിന്‍റെ ഓണച്ചിത്രം ഹൃദയപൂര്‍വ്വമാണ് നാലാമത്. 8.43 കോടിയാണ് ഓപണിംഗ്. അഞ്ചാമത് മമ്മൂട്ടിയുടെ ബസൂക്കയും ആറാമത് നിലവില്‍ മലയാളത്തിലെ ഹയസ്റ്റ് ഗ്രോസര്‍ ആയ ലോകയും. ബസൂക്കയുടെ ആദ്യ ദിന നേട്ടം 7 കോടിയും ലോകയുടേത് 6.60 കോടിയും ആയിരുന്നു.

അതേസമയം ശനിയാഴ്ചയും ഡീയസ് ഈറേ ആദ്യദിനത്തോടൊപ്പമോ അതിന് മുകളില്‍ നില്‍ക്കുന്നതോ ആയ കളക്ഷന്‍ നേടിയിരിക്കാനാണ് സാധ്യത. ഞായറാഴ്ചയും മികച്ച ബുക്കിംഗ് നേടുന്നുണ്ട്. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്