പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം 'ഡീയസ് ഈറേ' ബോക്സ് ഓഫീസിൽ വൻ തരംഗമാവുന്നു.

ആദ്യ ഷോകളില്‍ പോസിറ്റീവ് റിവ്യൂസ് വരുന്ന ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ ഇന്ന് തിരിഞ്ഞുനോക്കേണ്ടിവരുന്നില്ല. ഒരു കാലത്ത് കുടുംബപ്രേക്ഷകര്‍, യുവ പ്രേക്ഷകര്‍ എന്നൊക്കെ തരംതിരിവ് വ്യത്യസ്ത ജോണറുകളുടെ തിയറ്റര്‍ കാഴ്ചയില്‍ പ്രതിഫലിച്ചിരുന്നുവെങ്കില്‍ ഇന്ന് അങ്ങനെ സാങ്കല്‍പിക അതിര്‍ത്തിരേഖകളൊന്നും ഇല്ല. ജോണര്‍ ഏതായാലും ചിത്രം നല്ലതെന്ന് അഭിപ്രായം വന്നാല്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ തിയറ്ററുകളിലേക്ക് ജനം ഇരമ്പിയെത്തും. ഏറ്റവുമൊടുവില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി എന്ന ഭാഗ്യം ലഭിച്ചിരിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ എന്ന ചിത്രത്തിനാണ്. മോളിവുഡിന്‍റെ ഹൊറര്‍ ബ്രാന്‍ഡ് ആയ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 31 നാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ ഒരു എ റേറ്റഡ് ചിത്രത്തിന് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ഓപണിംഗുമായി ബോക്സ് ഓഫീസ് കുതിപ്പ് തുടങ്ങിയ ചിത്രം ആദ്യ വാരാന്ത്യ കളക്ഷനില്‍ വലിയ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ നിന്ന് ഞായറാഴ്ച മാത്രം ചിത്രം നേടിയത് 5.80 കോടിയാണ്. കേരളത്തില്‍ നിന്നുള്ള ആദ്യ മൂന്ന് ദിവസത്തെ ഗ്രോസ് 15.65 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരാന്ത്യം ചിത്രം നേടിയിരിക്കുന്നത് 40 കോടിയോളമാണെന്നും വിവിധ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച കേരളത്തില്‍ മാത്രം ചിത്രത്തിന് 270 ലേറ്റ് നൈറ്റ് ഷോകളാണ് ലഭിച്ചത്. സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചിത്രം നേടിയിരിക്കുന്ന ജനപ്രീതി ഇതില്‍ നിന്ന് വ്യക്തമാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം വിറ്റിരിക്കുന്നത് 7 ലക്ഷത്തിനടുത്ത് (6.98 ലക്ഷം) ടിക്കറ്റുകളാണ്. ഒരു എ റേറ്റഡ് ചിത്രത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വില്‍പ്പനയാണ് ഇത്.

ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും അദ്ദേഹം പ്രണവിനൊപ്പം ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതും ഡീയസ് ഈറേയ്ക്ക് പ്രീ റിലീസ് ഹൈപ്പ് നേടിക്കൊടുത്ത ഘടകങ്ങളാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.