ഷോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സീസൺ 7 ലും വരുന്നോ ഒരു ലവ് കോമ്പോ?
ബിഗ് ബോസിലെ ഏറ്റവും ഫേമസായ, എല്ലാ സീസണുകളിലും മത്സരാർത്ഥികൾ പയറ്റാറുള്ള, നടപ്പിലാക്കാൻ ഏറ്റവും എളുപ്പമുള്ള സ്ട്രാറ്റജി. ലവ് സ്ട്രാറ്റജി... വിജയിക്കും മുകളിലായി സീസൺ 1 ന്റെ മുഖമാകാൻ പോലും പിന്നീട് സാധിച്ച പേളി മാണി- ശ്രീനിഷ് എന്നിവരുടെ പേളിഷ് കോമ്പോയിൽ തുടങ്ങിയ ബിഗ് ബോസിലെ ലവ് സ്റ്റോറികൾ പിന്നീടുള്ള എല്ലാ സീസണുകളിലും ആവർത്തിച്ചു. ചിലത് വളരെ സ്വാഭാവികമായി ഉണ്ടായിവന്നപ്പോൾ മറ്റുചിലത് ബിഗ് ബോസിൽ പിടിച്ചുനിൽക്കാൻ വേണ്ടി മാത്രം രൂപപ്പെട്ട കോമ്പോകളായി. മറ്റുചിലത് വൺ സൈഡ് ലവ് മാത്രമായി ഒതുങ്ങി. പക്ഷേ അപ്പോഴും സുജാൻഡ്രയും ദിൽറോബും ശ്രീജുനും എല്ലാം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ സീസണിൽ പക്ഷേ അത്തരമൊരു ലവ് ട്രാക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല എന്നത് വളരെ പ്രധാനമായിരുന്നു. ആര്യൻ, ജിസേൽ എന്നിവരുടെ സൗഹൃദത്തെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ വീട്ടിൽ ചിലർ ലവ് ട്രാക്ക് എന്നൊക്കെ വിളിച്ചെങ്കിലും ആ കോമ്പോയും ഒരു ലവ് ട്രാക്കിലേക്ക് പോയിരുന്നില്ല. അങ്ങനെ ഒരു ലവ് കോംബോ പോലുമില്ലാതെ ഈ സീസൺ അവസാനിക്കുമോ എന്ന ആശങ്കയിൽ ഇരുന്നവർക്ക് മുന്നിലേക്കാണ് ആ പ്രൊപ്പോസൽ വന്നുവീഴുന്നത്...
അതേ, അനുമോളെ അനീഷ് പ്രൊപ്പോസ് ചെയ്തിരിക്കുകയാണ്. ഷോ 90 ദിവസങ്ങളിലേക്കടുക്കുമ്പോൾ ബിഗ് ബോസ് വീട്ടിൽ ആദ്യമായി ഒരു ലവ് ട്രാക്ക് രൂപം കൊണ്ടിരിക്കുന്നു. പക്ഷേ എന്താണ് ഇതിന് പിന്നിലെ ഉദ്ദേശം എന്നാണ് അനുമോളുടെയും അനീഷിന്റെയും ആരാധകരുടെ ചോദ്യം. അനീഷ് അവസാന നിമിഷം പടിക്കൽ കൊണ്ടുപോയി കലം ഉടയ്ക്കുകയാണോ? അതോ ലാസ്റ്റ് മിനിറ്റിലെ ഈ കളം മാറ്റി ചവിട്ടൽ അനീഷിന്റെ കൂർമ്മ ബുദ്ധിയാണോ?
ഈ സീസണിന്റെ തുടക്കം മുതൽ വലിയ തോതിൽ സ്‌ക്രീൻ സ്‌പേസ് പിടിച്ച ആളുകളാണ് അനുമോളും അനീഷും. ആദ്യ ആഴ്ചയിൽ അനീഷിനായിരുന്നു മേൽക്കൈ എങ്കിൽ രണ്ടാം ആഴ്ചയോടെ അത് അനുമോൾ കൊണ്ടുപോയി. രണ്ടുതരം ഗെയിമാണ് രണ്ടുപേരും ബിഗ് ബോസ് വീട്ടിൽ കളിച്ചത് എങ്കിൽപ്പോലും അനീഷ് പുറത്തെടുക്കാൻ ശ്രമിച്ച് വേണ്ട രീതിയിൽ വിജയം കാണാത്ത സ്ട്രാറ്റജികൾ വിജയകരമായി നടപ്പിലാക്കാൻ അനുമോൾക്ക് സാധിച്ചിട്ടുമുണ്ട്. ഒരു ഘട്ടത്തിൽ ഇരുവരും നേർക്കുനേർ വന്നിട്ടുണ്ടെങ്കിൽപ്പോലും വീട്ടിലുള്ളവർ അനുമോളെ പൂർണ്ണമായും കോർണർ ചെയ്ത ഘട്ടങ്ങളിൽ അനുമോൾക്കെതിരെ തിരിയാത്ത ചുരുക്കം ആളുകളിൽ ഒരാളായിരുന്നു അനീഷ്. തിരിച്ച് അനീഷിനെ സഹമത്സരാർത്ഥികൾ ടാർഗറ്റ് ചെയ്തപ്പോൾ അനുമോളും അവർക്കൊപ്പം നിന്നിരുന്നില്ല.
പക്ഷേ ഇരുവർക്കുമിടയിൽ കൃത്യമായഒരു ബോണ്ട് ഉണ്ടാകുന്നത് പിന്നെയും ഏറെ കഴിഞ്ഞാണ്. വീട്ടിൽ ആരുമായും കാര്യമായ അടുപ്പം വയ്ക്കാത്ത അനീഷ് അനുമോളുമായി പക്ഷേ അങ്ങനെയായിരുന്നില്ല ഇടപെട്ടിരുന്നത്. അനീഷുമായി അടുപ്പം പുലർത്തിയിരുന്ന സ്ത്രീ മത്സരാർത്ഥിയും അനുമോൾ മാത്രമായിരുന്നു. ആദില-അനീഷ് എന്നിവർക്കിടയിൽ വലിയ പ്രശ്നങ്ങൾ നടന്നിരുന്ന സമയങ്ങളിലും ആദിലയുടെ അടുത്ത സുഹൃത്തായിരുന്ന അനുമോൾ അനീഷിനെ കുറ്റപ്പെടുത്തിയിരുന്നില്ല എന്നതും ശ്രദ്ധിക്കണം.
ഒരാഴ്ച മുമ്പ് വീട്ടിലുള്ളവർക്ക് നൽകിയ ഡെയ്‌ലി ടാസ്കിന്റെ ഭാഗമായി ബിഗ് ബോസ് വീട്ടിൽ ആരോടെങ്കിലും ക്രഷ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള അനീഷിന്റെ മറുപടിയിൽനിന്നാണ് കാര്യങ്ങൾ കുറെയൊക്കെ മാറിമറിഞ്ഞത്. അനുമോളോട് തനിക്ക് ചില ഘട്ടങ്ങളിൽ പ്രത്യേകമായ ഒരടുപ്പം തോന്നിയിരുന്നു എന്നാണ് അനീഷ് പറഞ്ഞത്. ഇതിനുശേഷം വീട്ടിലുള്ളവർ ഇതുമായി ബന്ധപ്പെട്ട് അനീഷിനെയും അനുമോളെയും കുറിച്ച് പല കമന്റുകളും പറയാനും ഇരുവരും അത് രസകരമായി കൈകാര്യം ചെയ്യാനും തുടങ്ങി. പലപ്പോഴും അനുമോൾ തന്നെ ഇതിന് തുടക്കമിടുന്നു കാഴ്ചകളും കാണാമായിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലും ഇതുമായി ബന്ധപ്പെട്ട് വളരെ സരസമായി കമന്റുകൾ പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച അനുമോളും വീട്ടിലെ മറ്റുള്ള അംഗങ്ങളുമായി നടന്ന വലിയ പ്രശ്നത്തിൽ അനീഷ് അസന്നിഗ്ധമായി അനുമോൾക്കൊപ്പം നിലകൊണ്ടു. അടുത്ത സുഹൃത്തുക്കളായ ആദില, നൂറ എന്നിവരുമായി അടക്കം തെറ്റിയ അനുമോളോട് ആ സമയത്ത് അടുപ്പം കാണിച്ചിരുന്ന ഒരേയൊരാൾ അനീഷ് മാത്രമായിരുന്നു. ഒറ്റക്കിരിക്കുന്ന അനുമോളോട് സംസാരിക്കുക, നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുക... അങ്ങനെ അനുവുമായി വലിയ അടുപ്പം ഈ സമയത്തുതന്നെയാണ് അനീഷിന് ഉണ്ടാകുന്നതും. ഇതിന്റെ തുടർച്ച തന്നെയാണ് 'നമുക്ക് വിവാഹിതരായാലോ' എന്ന അനീഷിന്റെ ചോദ്യവും. എന്നാൽ ആ വിവാഹാഭ്യർത്ഥന അനു നിരസിച്ചതോടെ അനീഷ് അവിടെനിന്ന് ഒന്നും പറയാതെ പോവുകയാണുണ്ടായത്.
ഫിനാലേക്ക് വളരെ കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയുള്ള അനീഷിന്റെ ഈ പ്രണയാഭ്യർത്ഥന ഒരു സ്ട്രാറ്റജി മാത്രമാണോ എന്നതാണ് പ്രധാന ചോദ്യം. അനു 'യെസ്' പറഞ്ഞാലും 'നോ' പറഞ്ഞാലും അത് അനീഷിന് ഗുണം ചെയ്യുന്ന കാര്യമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അങ്ങനെയല്ല, ഇത് അനു 'നോ' പറയുമെന്ന് മനസ്സിൽ കണ്ടുകൊണ്ട് പ്രേക്ഷകരുടെ സിംപതി നേടാൻ ഇടയാക്കുന്ന അനീഷിന്റെ മൂവ് ആണെന്ന് പറയുന്നവരും കുറവല്ല. അനീഷിന്റെ ഈ ഇഷ്ടം അനു തുടക്കത്തിൽത്തന്നെ താല്പര്യമില്ല എന്ന് പറഞ്ഞതോടെ അനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് വിഭാഗങ്ങളും രംഗത്തുണ്ട്. അനു നല്ല രീതിയിൽത്തന്നെ ഇത് കൈകാര്യം ചെയ്‌തെന്നും ഒരു പെൺകുട്ടി അടുത്ത് ഇടപഴകുന്നത് പ്രണയമായി തെറ്റിദ്ധരിക്കുന്നതും 'നോ' പറഞ്ഞാൽ അതിനെ ഉൾക്കൊള്ളാതെ തരത്തിൽ പെരുമാറുന്നതും ശരിയല്ല എന്നുമാണ് ഒരു വിഭാഗം പറയുന്നത് എങ്കിൽ അനു തന്നെയാണ് ഇത്തരമൊരു സംഭവത്തിന് തുടക്കമിട്ടത് എന്നാണ് മറുവിഭാഗത്തിന്റെ വാദം.
ഏതായാലും നിലവിലെ ചർച്ചകളെല്ലാം അനു-അനീഷ് ബന്ധത്തെ ചുറ്റിപ്പറ്റി തന്നെയാണ്. വീടിനുള്ളിൽ ആദിലയും നൂറയും മാത്രമാണ് ഇതുവരെ ഇക്കാര്യങ്ങൾ അറിഞ്ഞിട്ടുള്ളത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യങ്ങൾ ചോദിക്കുമെന്നതും തീർച്ചയാണ്. അവസാന നിമിഷത്തില് ഈ ലവ് ട്രാക്ക് ആർക്ക് പണിയാകും, ആരെ തുണയ്ക്കും എന്ന് മാത്രമാണ് ഇനിയുള്ള ചോദ്യം.


