രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ ഡീയസ് ഈറേ ബോക്സ് ഓഫീസിൽ മികച്ച കളക്ഷന്‍ നേടി

ഹൊറര്‍ ജോണര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ ഒരു പുതിയ മുഖം നല്‍കിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്‍റേതായി പുറത്തെത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍ എന്നതായിരുന്നു ഡീയസ് ഈറേയുടെ യുഎസ്‍പി. സമീപകാലത്ത് അധികമാവാതെ പ്രീ റിലീസ് പ്രൊമോഷന്‍ ഏറ്റവും സൂക്ഷ്മമായി ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ഇത്. മലയാളത്തില്‍ ആദ്യമായി റിലീസ് തലേന്ന് ഒരു ചിത്രത്തിന് പെയ്ഡ് പ്രീമിയറുകള്‍ നടത്തുന്നതും ഈ ചിത്രത്തിനാണ്. പ്രീമിയറുകളിലും റിലീസ് ദിനത്തിലെ ആദ്യ ഷോകളിലും മികച്ച അഭിപ്രായം ലഭിച്ചതോടെ ബോക്സ് ഓഫീസിലും ചിത്രം കുതിപ്പ് തുടങ്ങി. ആറ് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ കയറിയിരുന്നു ചിത്രം. കേരളത്തിലും മികച്ച ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്.

ഒക്ടോബര്‍ 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് ആദ്യ വാരം ചിത്രം നേടിയത് 24.40 കോടിയാണ്. ഈ വര്‍ഷം കേരള ബോക്സ് ഓഫീസില്‍ വിവിധ ഭാഷാ ചിത്രങ്ങള്‍ നേടിയ ആദ്യ വാര കളക്ഷന്‍ നോക്കിയാല്‍ അഞ്ചാം സ്ഥാനത്താണ് ഡീയസ് ഈറേ. കൂലി, ആലപ്പുഴ ജിംഖാന, ഹൃദയപൂര്‍വ്വം, രേഖാചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളെയൊക്കെ ഡീയസ് ഈറേ ലിസ്റ്റില്‍ പിന്നിലാക്കിയിട്ടുണ്ട്. എമ്പുരാന്‍ ആണ് ലിസ്റ്റില്‍ ഒന്നാമത്. 67.17 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് ആദ്യ വാരം നേടിയത്. മോഹന്‍ലാലിന്‍റെ തന്നെ തുടരും ആണ് രണ്ടാം സ്ഥാനത്ത്. 46.75 കോടിയാണ് തരുണ്‍ മൂര്‍ത്തി ചിത്രം ആദ്യവാരം കേരളത്തില്‍ നിന്ന് നേടിയത്.

സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാ​ഗമായ ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് മൂന്നാമത്. 32.46 കോടിയാണ് ലോകയുടെ നേട്ടം. കാന്താര ചാപ്റ്റര്‍ 1 ആണ് ലിസ്റ്റില്‍ നാലാമത്. 31.26 കോടിയാണ് കേരളത്തിലെ ആദ്യ വാര കളക്ഷന്‍. ആറാം സ്ഥാനത്തുള്ള കൂലി 22.96 കോടിയും ഏഴാം സ്ഥാനത്തുള്ള ആലപ്പുഴ ജിംഖാന 20.77 കോടിയും എട്ടാമതുള്ള ഹൃദയപൂര്‍വ്വം 17.18 കോടിയും ഒന്‍പതാം സ്ഥാനത്തുള്ള രേഖാചിത്രം 15.65 കോടിയും പത്താമതുള്ള ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 14.50 കോടിയുമാണ് റിലീസിന് ശേഷമുള്ള ആദ്യ വാരം കേരളത്തില്‍ നിന്ന് നേടിയത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്