പഴയ പ്രണയ ജോഡിയുടെ ഒരു രാത്രിയിലെ വീണ്ടും കണ്ട്മുട്ടലിന്റെ കഥയുമായി ഇത്തിരി നേരം. റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മനുഷ്യ ജീവിതത്തിലെ ഏറ്റവും പരിശുദ്ധമായ ഒന്നാണ് പ്രണയം. അത് ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. പ്രണയത്തോടൊപ്പം തന്നെ പ്രണയ നഷ്ടവും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഉണ്ടാകും. പരസ്പരം ഒരുപാട് ഇഷ്ടപ്പെട്ടിട്ടും ഒന്നിക്കാൻ സാധിക്കാതെ പോയ ഒട്ടേറെ പേർ. ജീവിതത്തിന്റെ ഒരു കോണിൽ എപ്പോഴെങ്കിലും അവരെ കുറിച്ച് ചിന്തിക്കും ഓർക്കും. കാലങ്ങൾ കഴിയുമ്പോൾ എല്ലാം മായുമെന്ന് പ്രണയ നഷ്ടം സംഭവിക്കുമ്പോൾ പലരും ഉപദേശിക്കാറുണ്ട്. പക്ഷെ ആദ്യ പ്രണയം അത് മരിക്കുവോളം മനസ്സിൽ നിന്നും മായതെ മറയാതെ കിടക്കും. ആ നോവ് കാണിച്ചു തന്ന സിനിമയാണ് 'ഇത്തിരി നേരം'.
പേര് സൂചിപ്പിക്കുമ്പോലെ തന്നെ ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിനിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇത്തിരി നേരത്തിൽ പറയുന്നത്. അനീഷ്, അഞ്ജന, രാജൻ, ചഞ്ചൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇത്തിരി നേരം എന്ന പേരിൽ പ്രോഗ്രാം നടത്തുന്ന വീഡിയോ ജോക്കിയാണ് അനീഷ്. ഇയാൾക്ക് വിവാഹം കഴിഞ്ഞൊരു കുഞ്ഞുമുണ്ട്. അനീഷിന്റെ സഹപാഠിയും മുൻ കാമുകിയുമാണ് അഞ്ജന. രാജനും ചഞ്ചലും അനീഷിന്റെ സ്റ്റുഡിയോയിലെ ജീവനക്കാരും എന്നാൽ സഹൃത്തുക്കളും ആണ്. കുഞ്ഞിന്റെ മാമോദിസ ദിവസം അപ്രതീക്ഷിതമായൊരു കോൾ അനീഷിന്റെ ഫോണിൽ വരുന്നു. ട്രൂ കോളിൽ അഞ്ജന എന്ന് പേരും. വർഷങ്ങൾക്ക് ശേഷം തന്റെ പ്രണയിനിയെ വീണ്ടും കാണാൻ അനീഷും തിരിച്ച് അഞ്ജനയും ശ്രമിക്കുന്നു. ശേഷം നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇത്തിരി നേരം പറയുന്നത്. പ്രണയം എന്തെന്ന് മനസിലാക്കിയ ഓരോ പ്രേക്ഷകന്റെയും ഉള്ളിലും വിങ്ങൽ സമ്മാനിക്കാനും.

തിരുവനന്തപുരം ആണ് ചിത്രത്തിലെ പ്രധാന ലൊക്കേഷൻ. ഒപ്പം കന്യാകുമാരിയും ഉണ്ട്. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ അനീഷ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് റോഷൻ മാത്യു ആണ്. എപ്പോഴത്തെയും പോലെ തന്റെ കഥാപാത്രത്തിന് വേണ്ടതെല്ലാം നൽകി മികച്ചതാക്കിയിട്ടുണ്ട് റോഷൻ. അഞ്ജനയായി എത്തിയത് സെറിൻ ശിഹാബ് ആണ്. അഞ്ജനയായി പലപ്പോഴും ജീവിക്കുകയാണെന്ന് തോന്നിയ പ്രകടനം ഇവർ കാഴ്ചവച്ചിട്ടുണ്ട്. നന്ദുവും ആനന്ദ് മന്മഥനുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയത്. പ്രതീക്ഷിക്കാതെ വന്ന് പെടുന്ന ചില സസ്പെൻസ് സംഭവങ്ങളെല്ലാം കോർത്തിണക്കി മുന്നോട്ട് പോകുന്ന ചിത്രം ഇത്തിരി നേരം മാറ്റിവെക്കാൻ ഉണ്ടെക്കിൽ നല്ലൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.



