ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ ഹൊറർ ചിത്രം 'ഡീയസ് ഈറെ'യിൽ പ്രണവ് മോഹൻലാൽ നായകനാവുന്നു. റിലീസിന് മുന്നോടിയായുള്ള പ്രീമിയർ ഷോകളുടെ ടിക്കറ്റ് വില്‍പ്പനയില്‍ മികച്ച പ്രതികരണം

ഭാഷാതീതമായി പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ ഭ്രമയു​ഗം. ചിത്രത്തിന്‍റെ സംവിധായകനായ രാഹുല്‍ സദാശിവനും നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടുമൊന്നിക്കുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് ഡീയസ് ഈറ എന്ന ചിത്രത്തിന്‍റെ യുഎസ്‍പി. ഈ വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായി വ്യാഴാഴ്ച കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ ചിത്രത്തിന് പ്രീമിയര്‍ ഷോകളുമുണ്ട്. ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്‍ഫോമുകളിലൂടെ ഈ ഷോയുടെ ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ലഭ്യമാക്കിയിരുന്നു. മികച്ച പ്രതികരണമാണ് പ്രിവ്യൂ ഷോകള്‍ക്ക് ലഭിച്ചത്. അതിന്‍റെ ബോക്സ് ഓഫീസ് കണക്കുകളും ചില ട്രാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഡീയസ് ഈറെ കേരളത്തിലെ വ്യാഴാഴ്ച പ്രീമിയര്‍ ഷോയില്‍ നിന്ന് നേടിയിരിക്കുന്നത് 40 ലക്ഷം ആണെന്നാണ് ട്രാക്കര്‍മാരായ ഫോറം റീല്‍സ് അറിയിക്കുന്നത്. ഷോകളുടെ എണ്ണം നോക്കുമ്പോള്‍ മികച്ച സംഖ്യയാണ് ഇത്. പ്രീമിയര്‍ ഷോകളില്‍ നിന്ന് മികച്ച അഭിപ്രായം ലഭിക്കുന്നപക്ഷം അത് റിലീസ് ദിനമായ വെള്ളിയാഴ്ചത്തെ കളക്ഷനില്‍ പോസിറ്റീവ് സ്വാധീനം ചെലുത്തും. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമൊക്കെ വമ്പന്‍ സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം എത്തുന്നത്. ഹൊറര്‍ ​ഗണത്തില്‍ പെടുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നപക്ഷം ഭാഷയുടെ അതിര്‍വരമ്പുകള്‍ റീച്ചിന് തടസമാവില്ല.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സെൻസറിം​ഗ് പൂർത്തിയായപ്പോൾ എ സർട്ടിഫിക്കറ്റ് ലഭിച്ച ‘ഡീയസ് ഈറേ’ യുടെ റിലീസിനായി ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്യുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നത്. യു കെ , ഓസ്ട്രേലിയ എന്നിവ ഒഴിച്ചുള്ള നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം യുഎസ്എയിൽ എത്തിക്കുന്നത് പ്രൈം മീഡിയ യുഎസ് ആണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്