സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ദൃശ്യം 3 ബോക്സ് ഓഫീസിൽ വൻ വിജയം നേടി

മലയാളത്തില്‍ മറ്റൊരു സിനിമയ്ക്കുമില്ലാത്ത തരത്തിലുള്ള ആരാധകര്‍ ഉള്ള ഫ്രാഞ്ചൈസിയാണ് ദൃശ്യം. വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള മറ്റു ചില ഫ്രാഞ്ചൈസികളും മലയാളത്തില്‍ ഉണ്ടെങ്കിലും മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ ദൃശ്യത്തോളം വേരോട്ടെ അവയ്ക്കൊന്നുമില്ല. ഇത്രയധികം റീമേക്കുകള്‍ വന്നിട്ടുള്ള മറ്റൊരു മലയാളം ഫ്രാഞ്ചൈസിയും ഇല്ലതാനും. ഇക്കാരണത്താല്‍ത്തന്നെ വലിയ പ്രീ റിലീസ് പബ്ലിസിറ്റിയോടെ എത്തിയ ചിത്രമാണ് ദൃശ്യം 3. ഒരിക്കല്‍ മാറ്റിവച്ച റിലീസ് പിന്നീട് സംഭവിച്ചത് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21 ന് ആണ്. നിര്‍മ്മാതാവിന് വലിയ നേട്ടമാണ് ചിത്രം ഉണ്ടാക്കിക്കൊടുത്തത്. ബോക്സ് ഓഫീസില്‍ മാത്രമല്ല, അല്ലാതെയുള്ള ബിസിനസുകളിലും. ഇപ്പോഴിതാ അത് സംബന്ധിച്ച കണക്കുകള്‍ ഔദ്യോ​​ഗികമായിത്തന്നെ പുറത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദൃശ്യം ആദ്യ രണ്ട് ഭാ​ഗങ്ങള്‍ക്കും ലഭിച്ച രീതിയിലുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമല്ല ദൃശ്യം 3. മറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ അതൊന്നും ചിത്രത്തെ ബോക്സ് ഓഫീസില്‍ തടഞ്ഞില്ല. ആദ്യ രണ്ട് ഭാ​ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മലയാളം പതിപ്പ് ഇറങ്ങിയ ദിവസം തന്നെ തമിഴ്, തെലുങ്ക്, കന്നഡ മൊഴിമാറ്റ പതിപ്പുകള്‍ തിയറുകളില്‍ എത്തി എന്നതും നിര്‍മ്മാതാക്കളുടെ ഭാ​ഗത്തുനിന്ന് ഉണ്ടായ സ്മാര്‍ട്ട് മൂവ് ആയിരുന്നു. അതിന്‍റെയൊക്കെ പ്രതിഫലനം ബോക്സ് ഓഫീസില്‍ ഉണ്ടായി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 237 കോടിയാണ്. ഇതില്‍ 112 കോടി വിദേശത്തുനിന്നാണ്. ഇന്ത്യയില്‍ നിന്നാവട്ടെ 125 കോടിയും.

നിര്‍മ്മാതാക്കള്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന വാള്‍ പോസ്റ്ററുകളില്‍ പറയുന്നത് പ്രകാരം ബോക്സ് ഓഫീസ് കളക്ഷനൊപ്പം മറ്റ് ബിസിനസുകള്‍ കൂടിച്ചേര്‍ത്ത് ചിത്രം നേടിയിരിക്കുന്നത് 330 കോടിയാണ്. മലയാള സിനിമയെ സംബന്ധിച്ച് ഇത് ചരിത്രമാണെന്നും അവര്‍ പോസ്റ്ററില്‍ അവകാശപ്പെടുന്നുണ്ട്. ചിത്രത്തിന്‍റെ വലിയ വിപണിമൂല്യം മുന്നില്‍ക്കണ്ട് ബോളിവുഡ് സ്റ്റുഡിയോകളായ പെന്‍ സ്റ്റുഡിയോസ്, ദൃശ്യം ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കള്‍ കൂടിയായ പനോരമ സ്റ്റുഡിയോസ് എന്നിവരും ആശിര്‍വാദിനൊപ്പം ചേര്‍ന്നിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ വമ്പന്‍ റിലീസ് ആണ് ചിത്രത്തിന് ലഭിച്ചത്. ദൃശ്യം 3 ന്‍റെ ഹിന്ദി റീമേക്ക് മാത്രമാണ് ഇന്ത്യന്‍ ഭാഷകളില്‍ വരിക.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്