സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ദൃശ്യം 3, മൂന്നാം വാരത്തിലും കളക്ഷനിൽ ഞെട്ടിക്കുന്നു
എത്ര വലിയ വിജയം നേടുന്ന ചിത്രമായാലും തിയറ്ററുകളില്‍ ഇന്ന് അധിക വാരങ്ങള്‍ ഒരു സിനിമയും ഓടുന്നില്ല. വൈഡ് റിലീസ് ആണ് അതിന് കാരണം. ആദ്യ ദിനം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നാല്‍ കാണികള്‍ തിയറ്ററുകളിലേക്ക് കൂട്ടത്തോടെ ഇരച്ച് എത്തുകയും കാണുകയും ചെയ്യും. അതിനാല്‍ത്തന്നെ ഓപണിംഗ് കളക്ഷനില്‍ മറുഭാഷാ സിനിമകളോട് മുട്ടാവുന്ന നിലയിലേക്ക് മലയാള സിനിമ വളര്‍ന്നിരിക്കുന്നു. ഇനി അഥവാ മൂന്നാം വാരത്തിലും മറ്റും ഒരു ചിത്രം മികച്ച കളക്ഷന്‍ നേടിയാല്‍ അത് അപൂര്‍വ്വമാണെന്ന് വേണം പറയാന്‍. ഇപ്പോഴിതാ മൂന്നാം വാരത്തില്‍ നേടുന്ന കളക്ഷനില്‍ ഞെട്ടിക്കുകയാണ് ദൃശ്യം 3.
മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ലഭിച്ചതിന് സമാനമായി ഏകപക്ഷീയമായ പോസിറ്റീവ് അഭിപ്രായങ്ങളല്ല ദൃശ്യം 3 ന് ലഭിച്ചത്. മറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ഇതൊന്നും ജോര്‍ജുകുട്ടിയെയും കുടുംബത്തെയും ബാധിച്ചില്ല. എന്ന് മാത്രമല്ല, അത് ഇപ്പോഴും തുടരുകയുമാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം വന്നത് ഇന്നലെ, അതായത് റിലീസ് ആയതിന്‍റെ 24-ാം ദിവസം ആയിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.
സാധാരണ എത്ര വലിയ വിജയ ചിത്രത്തിന്‍റെയും ഒടിടി റിലീസ് പ്രഖ്യാപിച്ചാല്‍ തിയറ്റര്‍ കളക്ഷന്‍ കാര്യമായി ഇടിയും. എന്നാല്‍ ദൃശ്യത്തിന്‍റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. ഒടിടി റിലീസ് പ്രഖ്യാപിച്ച ദിവസവും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് മാത്രം ഇന്നലെ ചിത്രം നേടിയിരിക്കുന്നത് 58.50 ലക്ഷമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണ് ഇത്. ഇതോടെ കേരളത്തില്‍ നിന്ന് ഇതുവരെ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 88.78 കോടിയില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ കൂട്ടത്തിലും ദൃശ്യം 3 ഇടംപിടിച്ചിട്ടുണ്ട്. അതേസമയം പ്രൈം വീഡിയോയിലൂടെ ലോകമാകമാനം നിരവധി പുതിയ പ്രേക്ഷകരിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ചിത്രം.



