പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ 'ഡ്യൂഡ്' എന്ന ചിത്രം ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നു. ദീപാവലി റിലീസായി എത്തിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് നേടിയത്…
നായകനായി വെറും മൂന്ന് ചിത്രങ്ങള്‍ മാത്രമേ പ്രദീപ് രംഗനാഥന്‍ ഇതുവരെ ചെയ്തിട്ടുള്ളൂ. സംവിധായകനായി ഒരു ചിത്രവും. എന്നാല്‍ ഏതൊരു അഭിനേതാവും കൊതിക്കുന്ന സ്വീകാര്യതയും ബോക്സ് ഓഫീസ് വിജയവുമാണ് അദ്ദേഹം തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്നത്. ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രദീപ് നായകനായെത്തിയ ഡ്യൂഡ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ തരംഗം തീര്‍ക്കുകയാണ് ഇപ്പോള്‍. ദീപാവലി റിലീസ് ആയി എത്തിയ ചിത്രം 17, വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് മുന്നേറ്റം സംബന്ധിച്ച് ട്രാക്കര്‍മാര്‍ സ്ഥിരമായി അപ്ഡേറ്റ്സ് അറിയിച്ചിരുന്നു. പ്രദീപ് രംഗനാഥന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ചിത്രം സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ ആദ്യ രണ്ട് ദിനങ്ങളിലെ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്.
ആദ്യ 2 ദിനങ്ങളില്‍ നിന്ന് ചിത്രം 45 കോടിയാണ് നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. റൊമാന്‍റിക് ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിലെ നായിക മമിത ബൈജു ആണ്. കൊയ്മൊയ്‍യുടെ കണക്ക് പ്രകാരം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 10.5 കോടി ആയിരുന്നു. തമിഴ്, തെലുങ്ക് പതിപ്പുകളിലായി ഒരേ ദിവസം തിയറ്ററുകളിലെത്തിയ ചിത്രം രണ്ട് പതിപ്പുകളിലും കൂടി നേടിയ കളക്ഷനാണ് ഇത്. പ്രദീപ് രംഗനാഥന്‍റെ ഇതിന് മുന്‍പുള്ള കരിയര്‍ ബെസ്റ്റ് ഓപണിംഗ് കഴിഞ്ഞ ചിത്രമായ ഡ്രാഗണ്‍ ആയിരുന്നു. 6.5 കോടി ആയിരുന്നു ചിത്രം റിലീസ് ദിനത്തില്‍ നേടിയത്. 61.53 ശതമാനം കൂടിയ കളക്ഷനാണ് ഡ്യൂഡ് നേടിയിരിക്കുന്നത്.
മമിത ബൈജുവിന് തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യതയും ചിത്രത്തിന് പ്ലസ് ആണ്. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടാന്‍ മമിതയ്ക്ക് സാധിച്ചിരുന്നു. ആദ്യ ദിനം മികച്ച പ്രേക്ഷക, നിരൂപക അഭിപ്രായം നേടാനായ ചിത്രം ദീപാവലി എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുമെന്നാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ. കൊയ്‍മൊയ്‍യുടെ വിലയിരുത്തല്‍ പ്രകാരം ആദ്യ വാരാന്ത്യത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ കളക്ഷന്‍ 35 കോടിയാണ്. കീര്‍ത്തീശ്വരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവി ശങ്കറും ചേര്‍ന്നാണ്.



