എമ്പുരാന്‍ മാര്‍ച്ച് 27 നും തുടരും ഏപ്രില്‍ 25 നുമാണ് തിയറ്ററുകളില്‍ എത്തിയത്

മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ താരം ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം സിനിമാപ്രേമികളും സംശയലേശമന്യെ പറയുന്ന പേര് മോഹന്‍ലാല്‍ എന്ന് ആയിരിക്കും. ഇടവേളയ്ക്ക് ശേഷം രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളാണ് അടുപ്പിച്ച് എത്തി തിയറ്ററുകള്‍ ജനസാഗരങ്ങള്‍ ആക്കിയത്. എമ്പുരാന്‍ മാര്‍ച്ച് 27 നും തുടരും ഏപ്രില്‍ 25 നുമാണ് തിയറ്ററുകളില്‍ എത്തിയത്. ട്രാക്കര്‍മാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം അവസാന 50 ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം ഈ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ചേര്‍ന്ന് വിറ്റത് 1.2 കോടി ടിക്കറ്റുകള്‍ ആണ്! അതിലൂടെ നേടിയ കളക്ഷന്‍ ആവട്ടെ 190 കോടിക്ക് അടുത്തും.

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ തിയറ്ററുകളില്‍ സംഭവിക്കുക എന്താണെന്ന് മലയാളികള്‍ മുന്‍പ് പലവട്ടം കണ്ടറിഞ്ഞിട്ടുള്ളതാണ്. അത് ഒരിക്കല്‍ക്കൂടി സംഭവിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി ചിത്രം തുടരുമിന്‍റെ കാര്യത്തില്‍. പ്രീ റിലീസ് ഹൈപ്പില്‍ തുടരുമിനേക്കാള്‍ പല മടങ്ങ് മുകളില്‍ എമ്പുരാന്‍ ആയിരുന്നെങ്കിലും പ്രേക്ഷകാഭിപ്രായങ്ങളില്‍ മുന്നിലെത്തിയത് തുടരും ആയിരുന്നു. എന്നാല്‍ പ്രീ റിലീസ് ഹൈപ്പ് കാരണം കുതിച്ചുകയറിലെ അഡ്വാന്‍സ് ബുക്കിംഗ് കാരണം ഓപണിംഗ് അടക്കം മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളില്‍ ഒട്ടുമിക്കതും എമ്പുരാന്‍ സ്വന്തം പേരിലാക്കി. ചിത്രത്തിന് ബോധപൂര്‍വ്വം ഹൈപ്പ് കുറച്ചുകൊണ്ടാണ് തുടരും അണിയറക്കാര്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചത്. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രം വരാന്‍ തുടങ്ങിയതോടെ തിയറ്ററുകള്‍ ജനപ്രളയത്തിന് സാക്ഷ്യം വഹിച്ചു.

സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ഏറ്റവുമധികം അഡീഷണല്‍ ഷോസ് ചാര്‍ട്ട് ചെയ്യപ്പെട്ടത് ഈ ചിത്രത്തിനായാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായും തുടരും മാറി. അതേസമയം ഈ നേട്ടത്തിന് ശേഷവും ചിത്രം മികച്ച ഒക്കുപ്പന്‍സിയോടെയാണ് തിയറ്ററുകളില്‍ തുടരുന്നത്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബി​ഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകമാണ് അത്. അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വമാണ് മോഹന്‍ലാലിന്‍റെ അടുത്ത ചിത്രം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം