ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
ലോകത്തെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായം ഹോളിവുഡ് ആണ്. ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രങ്ങളും കളക്ഷന്‍ വാരുന്ന ചിത്രങ്ങളുമൊക്കെ കാലാകാലങ്ങളായി ഹോളിവുഡില്‍ നിന്നാണ് ഉണ്ടാവാറ്. ലോകം മുഴുവനും പരന്നുകിടക്കുന്ന മാര്‍ക്കറ്റ് ആണ് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഈ നേട്ടം സാധ്യമാക്കി കൊടുക്കുന്നത്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റ് ആണ് ഇന്ത്യയും. ഇപ്പോഴിതാ ബ്രാഡ് പിറ്റ് നായകനായ ഏറ്റവും പുതിയ ചിത്രം എഫ് 1 ന്‍റെ ഇന്ത്യന്‍ ഓപണിംഗ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തെത്തിയിട്ടുണ്ട്.
ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. നാല് ഭാഷകളിലാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പതിപ്പിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളും പ്രേക്ഷകരെ തേടി തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 5.5 കോടിയാണ്. കളക്ഷനില്‍ ഇംഗ്ലീഷ് പതിപ്പ് തന്നെയാണ് മുന്നില്‍. 5.5 കോടിയില്‍ 5 കോടിയും ഇംഗ്ലീഷ് പതിപ്പില്‍ നിന്നാണ്. 40 ലക്ഷം ഹിന്ദി പതിപ്പില്‍ നിന്നും തെലുങ്ക്, തമിഴ് പതിപ്പുകള്‍ 5 ലക്ഷം വീതവും.
പേര് സൂചിപ്പിക്കുന്നതുപോലെ സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് എഫ് 1 (ഫോര്‍മുല 1). മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റേസിംഗ് ട്രാക്കിലേക്ക് വരുന്ന റേസ് കാര്‍ ഡ്രൈവര്‍ സോണി ഹയെസ് എന്ന കഥാപാത്രത്തെയാണ് ബ്രാഡ് പിറ്റ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടോപ്പ് ഗണ്‍: മാവെറിക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജോസഫ് കോസിന്‍സ്കിയാണ് എഫ് 1 സംവിധാനം ചെയ്തിരിക്കുന്നത്. എഹ്‍രെന്‍ ക്രൂഗറിന്‍റേതാണ് തിരക്കഥ. ഫോര്‍മുല വണ്‍ ഗവേണിംഗ് ബോഡിയായ എഫ്ഐഎയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ലൂയിസ് ഹാമില്‍ട്ടണ്‍ ഉള്‍പ്പെടെയുള്ള യഥാര്‍ഥ എഫ് 1 ഡ്രൈവേഴ്സും ചിത്രത്തില്‍ ഉണ്ട്. ലൂയിസ് ഹാമില്‍ട്ടണ്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. ഡാംസണ്‍ ഇദ്രിസ്, കെറി കോണ്‍ഡണ്‍, തോബിയാസ് മെന്‍സീസ് എന്നിവര്‍ക്കൊപ്പം സേവ്യര്‍ ബാര്‍ദെമും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ക്ലൗഡിയോ മിറാന്‍ഡയാണ് ഛായാഗ്രഹണം. ആപ്പിള്‍ ഒറിജിനല്‍ ഫിലിംസ്, വാര്‍ണര്‍ ബ്രദേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

