ജൂൺ 27ന് ആയിരുന്നു കൽക്കി റിലീസ് ചെയ്തത്.
ഇന്ത്യൻ സിനിമാ ലോകത്തിപ്പോൾ ചർച്ചാ വിഷയം കൽക്കി 2898 എഡി എന്ന സിനിമയാണ്. ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ അണിയിച്ചൊരുക്കിയ സിനിമ ഭാഷാഭേദമെന്യെ ഏവരും ഏറ്റെടുത്തു കഴിഞ്ഞു. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിച്ച ചിത്രം കണ്ട് ഓരോ പ്രേക്ഷകന്റെയും മനംനിറഞ്ഞു. ഓരോ ദിവസവും കൽക്കിയ്ക്ക് ലഭിക്കുന്ന കളക്ഷൻ തന്നെയാണ് അതിന് തെളിവ്.
ജൂൺ 27ന് ആയിരുന്നു കൽക്കി റിലീസ് ചെയ്തത്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ആയതുകൊണ്ട് തന്നെ ആദ്യദിനം റെക്കോർഡ് കളക്ഷൻ ഇടാൻ കൽക്കി 2898 എഡിയ്ക്ക് സാധിച്ചു. 191കോടി ആയിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. എന്നാൽ ആഗോള ബോക്സ് ഓഫീസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രം കൽക്കി അല്ല. പകരം എസ്.എസ്. രാജമൗലി അണിയിച്ചൊരുക്കിയ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ്. രാം ചരണും ജൂനിയർ എൻടിആറും തകർത്ത് അഭിനയിച്ച ആർആർആർ ആണ് ആ ചിത്രം. 223 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ.
രണ്ടാം സ്ഥാനത്ത് ബാഹുബലി 2 ആണ്. 217 കോടിയിലധികം ആയിരുന്നു ഈ ചിത്രം ആദ്യദിനം സ്വന്തമാക്കിയത്. ഇതും പ്രഭാസ് നായകനായി എത്തിയ ചിത്രം എന്നത് ഏറെ ശ്രദ്ധേയമാണ്. എസ്.എസ്. രാജമൗലി ആയിരുന്നു സംവിധാനം.

ഇത്തരത്തിൽ ആദ്യദിനം മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഒന്നാം സ്ഥാനം ആർആർആറിനും രണ്ടാം സ്ഥാനം ബാഹുബലി 2നും മൂന്നാം സ്ഥാനം കൽക്കിക്കും ആണ്. കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയാണ് തൊട്ട് പിന്നിലുള്ള മറ്റ് സിനിമകൾ. ഈ പട്ടികയിൽ ബോളിവുഡ് സിനിമകൾ ഒന്നും തന്നെ ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്.
'മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്'; വിവാഹച്ചിത്രങ്ങളുമായി മീരാ നന്ദൻ, ക്യാപ്ഷന് കയ്യടിച്ച് ആരാധകർ
അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് കൽക്കി 2898 എഡി നേടിയിരിക്കുന്നത് 600 കോടിയിൽ അധികം രൂപയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രീതിയിൽ ആണ് മുന്നോട്ട് പോകുന്നത് എങ്കിൽ അധികം വൈകാതെ 1000 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതി കൽക്കി സ്വന്തമാക്കുമെന്നാണ് വിലയിരുത്തലുകൾ. പ്രഭാസിനൊപ്പം കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് നാഗ് അശ്വിൻ ആണ്.
