'മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്'; വിവാഹച്ചിത്രങ്ങളുമായി മീരാ നന്ദൻ, ക്യാപ്ഷന് കയ്യടിച്ച് ആരാധകർ
മലയാളത്തിന്റെ പ്രിയ നടിയാണ് മീരാ നന്ദൻ. കഴിഞ്ഞ ഏറെ കാലമായി മലയാള സിനിമയിൽ നിൽക്കുന്ന താരം മുല്ല എന്ന ദിലീപ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് വിരലിൽ എണ്ണാവുന്നതാണെങ്കിലും ശ്രദ്ധേയമായ വേഷത്തിൽ തന്നെ ആയിരുന്നു മീര ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. നിലവിൽ സിനിമയിൽ സജീവമല്ലാത്ത മീര റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മീരാ നന്ദന്റെ വിവാഹം. ശ്രീജു ആണ് വരൻ. ലണ്ടനിൽ അക്കൗണ്ടന്റായി വർക്ക് ചെയ്യുകയാണ് ശ്രീജു.
വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ വന്നതിന് പിന്നാലെ ശ്രീജുവിനെതിരെ വലിയ തോതിൽ ബോഡി ഷെയ്മിംഗ് നടന്നിരുന്നു. ഒപ്പം മീരാ നന്ദന് വിമർശനങ്ങളും. എന്നാൽ ഇവയൊന്നും തന്നെ താരത്തെയോ ശ്രീജുവിനെയോ ബാധിച്ചില്ല എന്നതാണ് വാസ്തവം. പിന്നാലെ ജൂൺ 29ന് ഇരുവരും വിവാഹിതരായി.
വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും മീരാ നന്ദൻ തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ പങ്കുവച്ച ഫോട്ടോകളും അതിന് മീര നൽകിയ ക്യാപ്ഷനും ആണ് ആരാധക കയ്യടി നേടുന്നത്.
'മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്', എന്നാണ് മീരാ നന്ദൻ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾക്ക് ഒപ്പം കുറിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.
'ഇത് പലരോടും ഉള്ള മറുപടി ആണല്ലോ. എന്തായാലും പൊളിച്ചു. ഇങ്ങനെ മുറുകെ പിടിച്ചു കൊണ്ടു മുന്നോട്ടു പോവാൻ കഴിയട്ടെ എന്നാശംസിക്കുന്നു', എന്നാണ് ഒരു ആരാധകർ കമന്റായി കുറിച്ചത്.
'പ്രിയപ്പെട്ട മീരാ തനിക്ക് ഇഷ്ട്ടമായി താൻ വിവാഹം കഴിച്ചു തന്റെ ഇഷ്ട്ടം തന്റെ സന്തോഷം നിങ്ങടെ ലൈഫ് happy ആയിട്ട് മുന്നോട്ട് പോകട്ടെ. ചൊറിയുന്നവർ ഒരിക്കലും നിർത്തില്ല. അവരെ അസൂയപ്പെടുത്തി നിങ്ങൾ പരസ്പരം സ്നേഹിച്ചു സന്തോഷമായി മുന്നോട്ട് തന്നെ എന്റെ എല്ലാ ആശംസകളും', എന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും മീരയുടെ ക്യാപ്ഷൻ സോഷ്യൽ ലോകത്ത് ചർച്ചയായി കഴിഞ്ഞിട്ടുണ്ട്.
meera nandan marriage
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഗുരുവായൂരമ്പലത്തിൽ വച്ചായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നു.