നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം ദംഗൽ ആണെങ്കിലും, പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോൾ ഈ കണക്കുകൾ മാറും

സിനിമകളുടെ കളക്ഷന് ഇത്രത്തോളം പ്രാധാന്യം ലഭിച്ചിട്ട് അധികകാലം ആയിട്ടില്ല. ചിത്രം നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഇന്ന് പോസ്റ്ററുകളില്‍ പ്രചരണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരു കാലത്ത് സിനിമകളുടെ വിജയം അളന്നിരുന്നത് അവ എത്ര ദിവസം തിയറ്ററുകളില്‍ ഓടി എന്നതിന്‍റെ പേരില്‍ ആയിരുന്നു. ബോക്സ് ഓഫീസ് നോക്കിയാല്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയം ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ആണ്. 2000 കോടിക്ക് മുകളില്‍ ഇതുവരെ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ചിത്രവും ഇത് തന്നെ. ചൈനയിലും ഹോങ്കോങ്ങിലും നേടിയ വമ്പന്‍ കളക്ഷനും ചേര്‍ത്താണ് ദംഗല്‍ ഈ സ്വപ്നനേട്ടം സ്വന്തമാക്കിയത്. 10 വര്‍ഷം കഴിഞ്ഞിട്ടും മറ്റൊരു ഇന്ത്യന്‍ ചിത്രവും കളക്ഷനില്‍ ദംഗലിനെ മറികടന്നിട്ടില്ല. എന്നാല്‍ സിനിമകളുടെ വിജയം അളക്കാന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ മാത്രം നോക്കുന്നതില്‍ ഒരു പരിമിതിയുണ്ട്. പണപ്പെരുപ്പം കണക്കാക്കപ്പെടുന്നില്ല എന്നതാണ് അത്.

Add Asianetnews as a Preferred SourcegooglePreferred

ഒരു കോടി ടിക്കറ്റ് ഇന്ന് വില്‍ക്കുന്ന ഒരു സിനിമ സ്വന്തമാക്കുന്ന കളക്ഷന്‍ ഏകദേശം 200 കോടി ആയിരിക്കും. എന്നാല്‍ ഒരു 50 വര്‍ഷം മുന്‍പാവട്ടെ അത്ര തന്നെ ടിക്കറ്റുകള്‍ വിറ്റാല്‍ ഒരു ചിത്രം നേടുന്നത് 3- 4 കോടി ആയിരിക്കും. അതാണ് പണപ്പെരുപ്പത്തിലെ വ്യത്യാസം. പണപ്പെരുപ്പം അനുസരിച്ച് പഴയകാല ഇന്ത്യന്‍ ഹിറ്റുകളുടെ കളക്ഷന്‍ 2026 ലേക്ക് വരുത്തിയാല്‍ ദംഗലിനെയും ബാഹുബലിയെയും ധുരന്ധറിനെയുമൊക്കെ വെല്ലാന്‍ പാകത്തിലുള്ള ചിത്രങ്ങള്‍ ഒട്ടേറെയുണ്ട്. അങ്ങനെ നോക്കിയാല്‍ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റും ഒരു പഴയ ബോളിവുഡ് ചിത്രമാണ്.

ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പണപ്പെരുപ്പം പരിഗണിച്ചാല്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് മുഗള്‍ ഇ അസം ആയിരിക്കും. 1960 ല്‍ പുറത്തിറങ്ങിയ ചിത്രം അന്ന് നേടിയത് 15 കോടി ആയിരുന്നു! ഇന്നായിരുന്നു ചിത്രം ഇറങ്ങുന്നതെങ്കില്‍ അത് നേടുന്ന കളക്ഷന്‍ 3900 കോടി ആയിരിക്കും! പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ ലിസ്റ്റില്‍ ദംഗലിനേക്കാള്‍ മുന്നില്‍ 1975 ല്‍ പുറത്തിറങ്ങിയ ഷോലെ ആണ്. അന്ന് 30 കോടി നേടിയ ചിത്രം ഇന്ന് ആ വിജയം നേടിയാല്‍ സ്വന്തമാക്കുന്ന കളക്ഷന്‍ 3000 കോടി ആയിരിക്കും. 2016 ല്‍ പുറത്തിറങ്ങിയ ദംഗല്‍ ഇന്ന് ഇറങ്ങിയാല്‍ പണപ്പെരുപ്പം അനുസരിച്ച് കളക്ഷന്‍ 2830 കോടി ആയിരിക്കും നേടുക. ബാഹുബലി 2 ലിസ്റ്റില്‍ നാലാമതും പുഷ്പ 2 ഒന്‍പതാമതുമാണ്.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD News