ഓണം റിലീസുകള്‍ എത്തുമ്പോഴും ജയിലറിന് തിയറ്ററുകളില്‍ ഇടം ഉണ്ടാവും

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് ജയിലര്‍. പേട്ടയ്ക്ക് ശേഷം രജനികാന്ത് ആരാധകരെ ഏറ്റവുമധികം തൃപ്തിപ്പെടുത്തിയ ചിത്രം എന്നതിനൊപ്പം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ അതിഥിവേഷങ്ങളും ചിത്രത്തിന് ഗുണമായി. കേരളത്തിലെ കളക്ഷനില്‍ ഈ മോഹന്‍ലാല്‍ ഘടകം കാര്യമായ പങ്കുവഹിച്ചുവെന്നത് വ്യക്തമാണ്. അതുപോലെതന്നെ വിനായകന്‍റെ പ്രതിനായക വേഷവും. റിലീസ് ദിനം മുതല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലത് ഭേദിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഇപ്പോഴിതാ കേരളത്തിലും ഒരു റെക്കോര്‍ഡ് ഇട്ടിട്ടുണ്ട്. ഒരു കോളിവുഡ് ചിത്രം കേരളത്തില്‍ നേടുന്ന എക്കാലത്തെയും വലിയ കളക്ഷനാണ് ജയിലര്‍ സ്വന്തമാക്കിയിരിക്കുന്നത്.

40.35 കോടിയാണ് രജനികാന്ത് ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന കളക്ഷന്‍. ഒന്‍പത് ദിവസത്തെ കണക്കാണ് ഇത്. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമല്‍ ഹാസന്‍ ചിത്രം വിക്രത്തെയാണ് ജയിലര്‍ മറികടന്നത്. വിക്രത്തിന്‍റെ കൈരളത്തിലെ ലൈഫ് ടൈം ഗ്രോസ് 40.05 കോടിയാണ്. വെറും 9 ദിവസങ്ങള്‍ കൊണ്ടാണ് ഈ കളക്ഷന്‍ ജയിലര്‍ മറികടന്നിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം രണ്ടാം വാരാന്ത്യത്തിലും കേരളത്തില്‍ ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ശനി, ഞായര്‍ കണക്കുകളില്‍ ചിത്രം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. 

ചിത്രം നേടിയിരിക്കുന്ന അഭൂതപൂര്‍വ്വമായ പ്രതികരണം കാരണം മലയാളത്തില്‍ നിന്ന് പുതിയ ഓണം റിലീസുകള്‍ എത്തുമ്പോഴും ജയിലറിന് തിയറ്ററുകളില്‍ ഇടം ഉണ്ടാവും. പ്രധാന സെന്‍ററുകളിലൊക്കെ ഒരു ഷോ എങ്കിലും ജയിലര്‍ കളിക്കുമെന്നതാണ് നിലവിലെ വിലയിരുത്തല്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സണ്‍ പിക്ചേഴ്സ് ആണ്. ആദ്യ വാരം ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 375.40 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട വിവരം.

ALSO READ : 'കിംഗ് ഓഫ് കൊത്ത' എങ്ങനെ? ആദ്യ റിവ്യൂ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക