ഫഹദ് ഫാസിൽ നായകനാവുന്ന ഫാന്റസി ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ'-ലെ ഗാനം പുറത്തിറങ്ങി. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്.എസ്. രാജമൗലിയും ആർക്കാ മീഡിയ വർക്ക്സും സഹകരിക്കുന്നു. ചിത്രം സെപ്റ്റംബർ 11-ന് റിലീസ് ചെയ്യും.
ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റെർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. കാലഭൈരവ സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കാലഭൈരവയും സർഷ്യംസും ചേർന്നാണ്. ഇരുവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നതും.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയാ വർക്ക്സിന്റെയും സഹകരണത്തോടെ ചിത്രം നിർമ്മിക്കുന്നത്.
നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. കൗതുകമുണർത്തുന്ന അവതരണവും, വ്യത്യസ്തമായ കഥാപശ്ചാത്തലവും, ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കോര്‍ത്തിണക്കിയ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഫഹദ് ഫാസിലിന്റെ പതിവിൽ നിന്ന് വ്യത്യസ്തമായ, തമാശ നിറഞ്ഞ കഥാപാത്രാവതരണവും, ബാലതാരത്തിന്റെ മനോഹര പ്രകടനവും ടീസറിന്റെ ശ്രദ്ധേയ ഘടകങ്ങളാണ്.

കാലഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും, ദൃശ്യങ്ങളുടെ മികവ് ഉയർത്തുന്ന മികച്ച ഛായാഗ്രഹണവും ടീസറിന് കൂടുതൽ ഭംഗി പകരുന്നു.ഫാന്റസിയും വിനോദവും സമന്വയിപ്പിച്ച ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ 2026 സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.പിആർ ഓ : പ്രതീഷ് ശേഖർ.



