പരാജയപ്പെട്ടെങ്കിലും ആ ഒരു മലയാള ചിത്രം ഓസ്‍ലറിന് മുന്നില്‍. 

ജയറാമിന്റെ വേറിട്ട വേഷവുമായി എത്തിയ ചിത്രമാണ് ഓസ്‍ലര്‍. പൊലീസ് ഓഫീസറായിട്ടാണ് ജയറാം വേഷമിട്ടത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസായിരുന്നു. റിലീസിനു മുന്നേയുള്ള പ്രതീക്ഷകള്‍ ശരിവെച്ച ചിത്രമായി മാറിയ ഓസ്‍ലര്‍ റിലീസിന് ആകെ നേടിയത് മൂന്ന് കോടിയോളം രൂപയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

അടുത്തകാലത്ത് മലയാളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താൻ ജയറാമിന്റെ ഓസ്‍ലറിന് കഴിഞ്ഞു എന്നതുമാണ് ഒരു പ്രത്യേകത. മോഹൻലാലിന്റെ വമ്പൻ വിജയമായി മാറിയ ചിത്രം നേരിനെ മൂന്നാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളിയിരിക്കുകയാണ് ജയറാം നായകനായി എത്തിയ ഓസ്‍ലര്‍. എന്തായാലും ജയറാമിന്റെ ഓസ്‍ലര്‍ 2024ലെ ആദ്യ ഹിറ്റാകുമോ എന്ന് വ്യക്തമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ നായകനായി പരാജയപ്പെട്ടെങ്കിലും 5.75 കോടി റിലീസിന് നേടിയ കിംഗ് ഓഫ് കൊത്തയാണ് സമീപകാലത്ത് ഇറങ്ങിയവയില്‍ ജയറാമിന്റെ ഓസ്‍ലറിന് മുന്നിലുള്ളത്.

മോഹൻലാലിന്റെ നേര് റിലീസിന് 2.75 കോടി രൂപ നേടിയതിനാല്‍ സമീപകാലത്ത് പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്തുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡാണ് ഓപ്പണിംഗ് കളക്ഷനില്‍ നാലാമത്. കണ്ണൂര്‍ സ്‍ക്വാഡ് ഓപ്പണിംഗില്‍ 2.4 കോടി രൂപയാണ് നേടിയത്. എന്തായാലും ജയറാമും മമ്മൂട്ടിയും കൈകോര്‍ത്തപ്പോള്‍ കളക്ഷനിലും അത് പ്രതിഫലിച്ചു എന്ന് വേണം കരുതാൻ.

എബ്രഹാം ഓസ്‍ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിരുന്നു ജയറാമിന്. അലക്സാണ്ടര്‍ എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. മികച്ച ഇൻട്രോയായിരുന്നു മമ്മൂട്ടിക്ക് ലഭിച്ചത്. ഒരു ഘട്ടത്തില്‍ മമ്മൂട്ടിയിലൂടെയാണ് ചിത്രത്തിന്റ കഥ വ്യക്തമാക്കുന്നതും.

Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ജയറാമിനുമായില്ല, ആ സൂപ്പര്‍താരം കേരളത്തിലും ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക