ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പുതിയ ചിത്രം കാന്തയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്

ലക്കി ഭാസ്കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രമാണ് കാന്ത. അദ്ദേഹം ലീഡ് റോളില്‍ എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസും. വന്‍ വിജയം നേടിയ ലോക ചാപ്റ്റര്‍ 1 ചന്ദ്രയില്‍ ദുല്‍ഖര്‍ അഭിനയിച്ചിരുന്നുവെങ്കിലും ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് കല്യാണി ആയിരുന്നു. റിലീസിന് രണ്ട് ദിവസം മുന്‍പ് ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി നടത്തിയ സ്പെഷല്‍ പ്രിവ്യൂവില്‍ വന്‍ അഭിപ്രായം നേടിയ ചിത്രമാണ് കാന്ത. ദുല്‍ഖറിന്‍റെ പ്രകടനത്തിനായിരുന്നു വലിയ കൈയടികള്‍. ഇന്നലെ റിലീസ് ദിനത്തിലും അത് തുടരുന്ന കാഴ്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ ബോക്സ് ഓഫീസില്‍ എത്രത്തോളം പ്രതിഫലിച്ചു? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 4 കോടിയാണ്. ഇത് ആദ്യ കണക്കുകള്‍ ആണെന്നും സംഖ്യയില്‍ വ്യത്യാസം വരാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം അഡ്വാന്‍സ് ബുക്കിം​ഗിനെ അപേക്ഷിച്ച് ബുക്ക് മൈ ഷോ അടക്കമുള്ള ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്‍ഫോമുകളില്‍ റിലീസ് ദിനത്തില്‍ ചിത്രം വലിയ മുന്നേറ്റം നടത്തിയിരുന്നു. പോസിറ്റീവ് അഭിപ്രായം വന്ന ചിത്രം ശനി, ഞായര്‍ ദിനങ്ങളില്‍ എത്തരത്തില്‍ കളക്ഷന്‍ നേടും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.

ദ ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത. 1950 കളിലെ തമിഴ് സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന്‍ എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍ ഈ കഥാപാത്രം.

ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫെറർ ഫിലിംസ് തന്നെയാണ്.

Bihar Election result | Asianet News Live | Malayalam News Live | Breaking News | ഏഷ്യാനെറ്റ് ന്യൂസ്