2025 മലയാള സിനിമയ്ക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു. 'ലോക', 'എമ്പുരാൻ', 'തുടരും' തുടങ്ങിയ വമ്പൻ ഹിറ്റുകൾക്കൊപ്പം കലാമൂല്യമുള്ള ചെറിയ സിനിമകളും വിജയം നേടി. 

2025 അവസാനിക്കുകയാണ്. എല്ലാ വർഷത്തെയും പോലെ ഒരുപാട് മികച്ച സിനിമകൾ പുറത്തിറങ്ങിയ വർഷം കൂടിയാണ് കടന്നുപോവുന്നത്. മലയാള സിനിമയെ സംബന്ധിച്ച് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാനും, അതിലും വലിയ സ്വപ്നങ്ങൾ കാണാനും പ്രേരിപ്പിച്ച വർഷം കൂടിയായിരുന്നു 2025. ഇന്ത്യൻ സിനിമയിലെ മറ്റുള്ള ഇൻഡസ്ട്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ബഡ്ജറ്റിൽ മികച്ച കാലാമൂല്യമുള്ള, അതോടൊപ്പം തന്നെ വാണിജ്യ വിജയങ്ങളും നേടുന്ന സിനിമകൾ നിർമ്മിക്കുന്നതിൽ മലയാള സിനിമ എല്ലാക്കാലത്തും മുൻപന്തിയിലാണ്. ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ല. ബോക്സ് ഓഫീസ് ഹിറ്റുകൾക്കൊപ്പം തന്നെ കലാമൂല്യമുള്ള സിനിമകളും ഇത്തവണയും മലയാളത്തിൽ നിന്നും രൂപപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഈ വർഷത്തെ മലയാളത്തിലെ പത്ത് മികച്ച സിനിമകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ലോക ചാപ്റ്റർ 1: ചന്ദ്ര

വലിയ പ്രീ റിലീസ് ഹൈപ്പുകളില്ലാതെ വന്ന് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര'. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ചിത്രം മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം എന്ന ഖ്യാതിയോടെയാണ് തിയേറ്ററുകളിലെത്തിയത്. മുപ്പത് കോടി മുതൽമുടക്കിൽ എത്തിയ ലോക ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 300 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. മലയാളത്തിലെ ആദ്യ 300 കോടി ചിത്രം കൂടിയാണ് ലോക എന്നതും ഈ വർഷത്തെ വലിയ നേട്ടമാണ്. ആദ്യ സിനിമയായ തരംഗം എന്ന ചിത്രത്തിന് ശേഷം ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന അണ്ടാമത്തെ ചിത്രമായിരുന്നു ലോക. കല്യാണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരുന്നു ലോകയിലെ നീലി എന്ന കഥാപാത്രം. അഞ്ച് ഭാഗങ്ങളായി ഒരുങ്ങുന്ന ലോക ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം കൂടിയായാണിത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് തിയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ലോക. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്.

കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്.നസ്ലെൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു. ചിത്രത്തിൻറെ അടുത്ത ഭാഗം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചാത്തന്മാരുടെ കഥയാണ് പറയുന്നത്. ലോക ആദ്യ ഭാഗം അവസാനിക്കുന്നത് ചാത്തന്റെ ഇൻട്രോയോട് കൂടിയാണ്.

എക്കോ

കിഷ്കിന്ധാ കാണ്ഡം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിൽ തങ്ങളുടേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത കൂട്ടുകെട്ടാണ് ദിൻജിത്ത് അയ്യത്താൻ- ബാഹുല് രമേശ് എന്നീ പേരുകൾ. അതുകൊണ്ട് തന്നെ 'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം' എന്ന ടാഗ്‌ലൈനോടെ അവരുടെ അടുത്ത ചിത്രമായ 'എക്കോ' പ്രഖ്യാപനം വന്നതുമുതൽ സിനിമയ്ക്ക് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്നത്. അത്തരം പ്രതീക്ഷകൾ തെറ്റിച്ചില്ല എന്നത് തന്നെയാണ് എക്കോ നേടിയ വിജയം സൂചിപ്പിക്കുന്നത്. പടക്കളം എന്ന ചിത്രത്തിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തിയ ചിത്രത്തിൽ വിനീത്, അശോകൻ, ബിനു പപ്പു, സൗരഭ് സച്ച്ദേവ തുടങ്ങീ വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ താരങ്ങളുടെ പ്രകടനത്തോടൊപ്പം, തിരക്കഥയുടെ മേന്മയും ആഖ്യാനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിയും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന എക്കോ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 32 കോടിയോളം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിലജിയിലെ അവസാന ഭാഗം എന്നും എക്കോയെ വിശേഷിപ്പിക്കാം. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിലജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് തന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്.

ഡീയസ് ഈറെ

ഭ്രമയുഗം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നുഡീയസ് ഈറെ. മലയാളത്തിൽ പൊതുവെ കണ്ടുശീലിച്ച ഹൊറർ സിനിമകളുടെ ആഖ്യാന ശൈലിയിൽ നിന്നും വ്യത്യസ്തമായി സിനിമകൾ എടുക്കുന്നത് കൊണ്ട് തന്നെ രാഹുൽ സദാശിവൻ എന്ന സംവിധായകന് പ്രത്യേക ആരാധകർ തന്നെ മലയാളത്തിൽ ചുരുങ്ങിയ കാലംകൊണ്ട് രൂപപ്പെട്ടിട്ടുണ്ട്. വലിയ പ്രീ റിലീസ് ഹൈപ്പുകളില്ലാതെ വന്ന ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ നേട്ടമാണ് കൊയ്തത്. തുടർച്ചയായി മൂന്ന് സിനിമകൾ 50 കോടി ക്ലബ്ബിലെത്തി എന്ന അപൂർവ്വ നേട്ടം മലയാളത്തിൽ നിന്നും സ്വന്തമാക്കാൻ പ്രണവിന് ഈ ചിത്രത്തിലൂടെ സാധിച്ചിരുന്നു.

ആഗോള തലത്തിൽ 80 കോടിയിലധികം നേടിയ ചിത്രം ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ആദ്യാവസാനം മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണ് ഡീയസ് ഈറെ.

തുടരും

മലയാളത്തിലെ മറ്റൊരു സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമായിരുന്നു തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ തുടരും എന്ന ചിത്രം. മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തുടരും എന്ന ചിത്രത്തിനുണ്ടായിരുന്നു. എമ്പുരാൻ വരുന്നത് കൊണ്ട് തന്നെ വലിയ പ്രീ റിലീസ് ഹൈപ്പുകളൊന്നും തന്നെ ഈ ചിത്രത്തിനുണ്ടായിരുന്നില്ല. എന്നാൽ ഷണ്മുഖൻ എന്ന ബെൻസായി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ മോഹൻലാൽ കാഴ്ചവച്ചത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 237 കോടിയിലധികം നേടിയ ചിത്രം ഇത്തവണത്തെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു. എമ്പുരാന് തൊട്ടുപിന്നാലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായി മാറാനും തുടരും എന്ന ചിത്രത്തിനായിരുന്നു.

കളങ്കാവൽ

2025 അവസാനിക്കുമ്പോൾ മലയാളത്തിലെ മറ്റൊരു ഹിറ്റ് ചിത്രം കൂടി പിറവിയെടുത്തിരിക്കുകയാണ്. എട്ട് മാസത്തിന് ശേഷം എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ഒന്നടങ്കം കളങ്കാവൽ എന്ന ചിത്രത്തെ നോക്കികണ്ടത്. മമ്മൂട്ടി- വിനായകൻ കോംബോ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. കുറുപ്പ് എന്ന സിനിമയുടെ കഥയെഴുതിയ ജിതിന്റെ ആദ്യ സംവിധാന ചിത്രം കൂടിയായിരുന്നു കളങ്കാവൽ. യഥാർത്ഥ സംഭവവികാസങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ചെയ്ത ചിത്രത്തിൽ പ്രതിനായകനായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൂക്ഷ്മമായ ഭാവ പ്രകടനങ്ങൾ കൊണ്ട് ഈ ചിത്രത്തിലും മമ്മൂട്ടി എന്ന നടൻ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. ഡിസംബർ 5 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നിന്നും 15.7 കോടി രൂപയാണ് നേടാനായത്.

മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇന്ത്യൻ സിനിമയിലെ മറ്റൊരു സൂപ്പർതാരവും ധൈര്യപ്പെടാത്ത രീതിയിൽ മുഴുനീള വില്ലൻ വേഷം ചെയ്ത് കൊണ്ട് മമ്മൂട്ടി ഞെട്ടിക്കുമ്പോൾ, പോലീസ് ഓഫീസർ ആയി തന്റെ കരിയറിലെ ഏറ്റവും വേറിട്ട് നിൽക്കുന്ന പ്രകടനമാണ് വിനായകൻ നൽകിയത്. തന്റെ അരങ്ങേറ്റ ചിത്രം തന്നെ വമ്പൻ വിജയമാക്കിയ ജിതിനും പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റു വാങ്ങുന്നുണ്ട്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നോട്ടു കുതിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കൊണ്ടും ആകാംഷയുടെ മുൾമുനയിൽ നിർത്തിയും സഞ്ചരിക്കുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ മറ്റൊരു വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു. ഫൈസൽ അലിയുടെ ദൃശ്യങ്ങളും, മുജീബ് മജീദ് ഒരുക്കിയ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതവും വലിയ കയ്യടി നേടുന്നുണ്ട്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ഹൃദയപൂർവ്വം

മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷാലയൻ ഹൃദയപൂർവ്വം എന്ന ചിത്രത്തിനുണ്ടായിരുന്നത്. ആ പ്രതീക്ഷകൾ എല്ലാം തന്നെ കാത്തുസൂക്ഷിക്കുന്ന പ്രകടനം തന്നെയായിരുന്നു ബോക്സ് ഓഫീസിൽ ചിത്രം നടത്തിയത്. മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കോമഡികൾക്കൊപ്പം തന്നെ വൈകാരികമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ച ഹൃദയപൂർവ്വം 77 കോടിയലധികം രൂപയാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിച്ചത്. ഓണം റിലീസായി എത്തിയ ഹൃദയപൂർവ്വം, ലോകയുടെ വമ്പൻ വിജയത്തിലും മികച്ച നേട്ടം കൊയ്യാൻ സാധിച്ച മോഹൻലാൽ ചിത്രം കൂടിയായിരുന്നു.

എമ്പുരാൻ

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ പ്രീക്വൽ എന്ന രീതിയിൽ എത്തിയ ചിത്രമായിരുന്നു 'എമ്പുരാൻ'. ആദ്യ ഭാഗം വമ്പൻ വിജയമായതുകൊണ്ട് തന്നെ പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോൾ വമ്പൻ പ്രതീക്ഷകൾ തന്നെയായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നതെങ്കിലും ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 268 കോടിയലധികം രൂപയാണ് ചിത്രം നേടിയത്. സെൻസർഷിപ്പ് വിവാദങ്ങളും മറ്റും സിനിമയെ ചെറുതായി ബാധിച്ചിരുന്നെങ്കിലും കളക്ഷനിൽ ഞെട്ടിക്കാൻ ചിത്രത്തിനായിരുന്നു.

ഖുറേഷി-അബ്രാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിച്ച ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലായിരുന്നു നൽകിയത്.

രേഖാചിത്രം

8.5 കോടി മുതൽമുടക്കിലെത്തി വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ആസിഫ് അലി നായകനായി എത്തിയ രേഖാചിത്രം. ആസിഫ് അലിയുടെയും, അനശ്വര രാജന്റെയും ഗംഭീര പ്രകടനമായിരുന്നു ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ കാതൽ. 2025 ജനുവരി 9ന് തിയറ്ററുകളിൽ എത്തിയ രേഖാചിത്രം ഒടിടിയിലും വമ്പൻ പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. 'മമ്മൂട്ടി ചേട്ടന്‍റെ' സാനിധ്യവും സിനിമയ്ക്ക് വലിയ പ്രശംസകളായിരുന്നു നേടിക്കൊടുത്തത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്.

പൊന്മാൻ

പ്രൊഡക്ഷൻ ഡിസൈനർ ജോതിഷ് ശങ്കർ ബേസിൽ ജോസഫ്, സജിൻ ഗോപു എന്നിവരെ പ്രധാൻ കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു പൊന്മാൻ. ജി.ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കി ജി.ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. സ്ത്രീധനം സമൂഹത്തിലും കുടുംബത്തിലും എത്രത്തോളം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് ബേസിൽ ജോസഫ് അവതരിപ്പിച്ച പി.പി അജേഷ് എന്ന കഥാപാത്രമായിരുന്നു. ചുരുങ്ങിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 17.5 കോടി രൂപയാണ് നേടിയത്. അജേഷ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ബേസിൽ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്‍മി സഞ്ജു, മജു അഞ്ചൽ, വൈഷ്‍ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 25-ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി ജോലി ചെയ്‍തിട്ടുള്ള ജ്യോതിഷ് ശങ്കർ, ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ സ്വന്തമാക്കിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും അദ്ദേഹം ജോലി ചെയ്‍തിട്ടുണ്ട്.

ആലപ്പുഴ ജിംഖാന

അമേച്വർ ബോക്സിങ്ങിന്റെ കഥകളും തമാശകളുമായെത്തിയ ഖാലിദ് റഹ്‌മാൻ ചിത്രം 'ആലപ്പുഴ ജിംഖാന' ബോക്സ് ഓഫീസിൽ മികച്ച നേട്ടമാണ് കൈവരിച്ചത്. ഏപ്രിൽ 10ന് ആയിരുന്നു ആലപ്പുഴ ജിംഖാന തിയറ്ററുകളിൽ എത്തിയത്. ഒപ്പം ബേസിലിന്റെ മരണമാസും മമ്മൂട്ടിയുടെ ബസൂക്കയും റിലീസ് ചെയ്തു. ഈ ചിത്രങ്ങളെ പിന്തള്ളിയാണ് നസ്ലെൻ നായകനായി എത്തിയ ആലപ്പുഴ ജിംഖാന വിഷു വിന്നറായി മാറിയത്. 70 കോടിയോളം രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

നസ്‍ലെന്‍, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രത്തിൽ ജിംഷി ഖാലിദിന്‍റെ ചായാഗ്രഹണം പ്രധാന ആകർഷണമാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

ഈ ചിത്രങ്ങളെ കൂടാതെ ഓഫീസർ ഓൺ ഡ്യൂട്ടി, നരിവേട്ട തുടങ്ങീ ചിത്രങ്ങൾ കളക്ഷനിൽ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. കൂടാതെ ശരൺ വേണുഗോപാൽ ഒരുക്കിയ നാരായണീന്റെ മൂന്നാണ്മക്കൾ, ശിവപ്രസാദ് ഒരുക്കിയ ബ്ലാക്ക് ഹ്യൂമർ ചിത്രം മരണമാസ്സ്‌, സന്ദീപ് പ്രദീപ്, ഷറഫുദ്ധീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിലെത്തിയ പടക്കളം, ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ സർക്കീട്ട്, ദേവദത്ത് ഷാജിയുടെ ധീരൻ എന്നീ ചിത്രങ്ങളും മികച്ച പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ഈ വർഷത്തെ ചിത്രങ്ങളായിരുന്നു.