വൻ പ്രതീക്ഷയോടെയെത്തിയ മമ്മൂട്ടി ചിത്രം കളങ്കാവല്‍ ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണം നേടി.
മലയാള സിനിമാപ്രേമികള്‍ സമീപകാലത്ത് ഏറ്റവും കാത്തിരുന്ന സിനിമകളില്‍ ഒന്നായിരുന്നു കളങ്കാവല്‍. എട്ട് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി, അതും ഒരു ക്രൈം ഡ്രാമ ചിത്രത്തില്‍ പ്രതിനായകനായി, ഒപ്പം നായകനായി വിനായകന്‍, വീണ്ടുമൊരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി ഇങ്ങനെ പലവിധമായ ഘടകങ്ങള്‍ ചിത്രത്തിന്മേല്‍ പ്രേക്ഷകര്‍ക്കുള്ള ഹൈപ്പ് ഉയര്‍ത്തിയിരുന്നു. പ്രതീക്ഷ എത്രത്തോളമാണെങ്കിലും ആദ്യ ദിനം ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം വരുന്ന അഭിപ്രായങ്ങള്‍ എങ്ങനെ എന്നതാണ് ഒരു ചിത്രം വാഴുമോ അതോ വീഴുമോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ അക്കാര്യത്തില്‍ കളങ്കാവല്‍ വിജയിച്ചു. പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങളാണ് ഇന്ന് ഉച്ചയോടെ ചിത്രത്തിന് ലഭിച്ചത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ പ്രേക്ഷകരെ കാര്യമായി തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുകയാണ് ചിത്രം.
നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരിക്കുന്നതനുസരിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം റിലീസ് ചെയ്യപ്പെട്ടതിന് പുറമെ 102 അഡീഷണല്‍ സ്ക്രീനുകളിലേക്കും ചിത്രം ഇന്ന് വൈകിട്ടും രാത്രിയുമായി പ്രദര്‍ശനം ആരംഭിക്കുകയാണ്. വീക്കെന്‍ഡ് ഷോകള്‍ക്കായി ടിക്കറ്റിന് വന്‍ ഡിമാന്‍ഡ് ആണ് പ്രധാന സെന്‍ററുകളില്‍ ഉയര്‍ന്നിരിക്കുന്നത്. റിലീസ് സെന്‍ററുകളില്‍ പലതിലും പുതിയ ഷോകളും ശനി, ഞായര്‍ ദിവസങ്ങള്‍ക്കായി ചാര്‍ട്ട് ചെയ്യുന്നുണ്ട്. കൊച്ചി പിവിആറിലെ പിഎക്സ്എല്‍ സ്ക്രീനില്‍ പുലര്‍ച്ചെ 6.30 നും സിനിപോളിസില്‍ 6.55 നും എക്സ്ട്രാ ഷോകള്‍ നാളത്തേക്കായി ആഡ് ചെയ്തിട്ടുണ്ട്.
സമീപകാലത്ത് ആദ്യദിനം ഇത്രയും ട്രെന്‍ഡ് സൃഷ്ടിച്ച ഒരു മമ്മൂട്ടി ചിത്രം ഉണ്ടായിട്ടില്ല. അതിനാല്‍ത്തന്നെ ചിത്രം നേടുന്ന ഓപണിംഗ് എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍. അഡ്വാന്‍സ് ബുക്കിംഗില്‍ വലിയ കുതിപ്പ് നടത്തിയിരുന്നു ചിത്രം. ഇതിലൂടെ കേരളത്തില്‍ നിന്ന് മാത്രം 2.25 കോടി നേടിയിരുന്നു ചിത്രം. അഡ്വാന്‍സ് ബുക്കിംഗിലൂടെ ആഗോളതലത്തിൽ 3.8 കോടി ചിത്രം നേടിയെന്നായിരുന്നു ട്രാക്കർമാരുടെ റിപ്പോർട്ട്. ആദ്യദിനം ലൈവ് ട്രാക്കിംഗ് പ്രകാരമുള്ള ഇതുവരെയുള്ള കണക്ക് അനുസരിച്ച് കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 4.12 കോടിയാണ്. ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്‍റെ ഏറ്റവും പുതിയ കണക്കാണ് ഇത്. ഇന്നത്തെ ലേറ്റ് നൈറ്റ് ഷോകളും ചേര്‍ത്ത് സംഖ്യ ഇനിയും ഉയരും. അതേസമയം മികച്ച ആദ്യ വാരാന്ത്യ ദിനങ്ങളാണ് ചിത്രത്തെ കാത്തിരിക്കുന്നത്.



