Asianet News MalayalamAsianet News Malayalam

നെഗറ്റീവ് റിവ്യൂകളില്‍ വീണില്ല; ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസ്ദിന കളക്ഷനുമായി 'കലങ്ക്'

എന്നാല്‍ ആദ്യദിനം നേടിയ കളക്ഷന്‍ ഈ വാരാന്ത്യത്തിലേക്ക് ചിത്രം തുടരുമോ എന്നത് കാത്തിരുന്ന് കാണണം. മഹാവീര്‍ ജയന്തി പ്രമാണിച്ചുള്ള അവധിയായിരുന്നു ഉത്തരേന്ത്യയില്‍ ബുധനാഴ്ച. കൂടാതെ വന്‍ പ്രീ-റിലീസ് ഹൈപ്പും ആദ്യദിന കളക്ഷനെ സ്വാധീനിച്ച ഘടകമാണ്.
 

kalank first day collection
Author
Mumbai, First Published Apr 18, 2019, 7:58 PM IST

ബോളിവുഡിന് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നായിരുന്നു 'കലങ്ക്'. വരുണ്‍ ധവാന്‍, അലിയ ഭട്ട്, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ആധിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ എന്നിങ്ങനെ അണിനിരക്കുന്ന വന്‍ താരനിരതന്നെയായിരുന്നു ആ പ്രതീക്ഷകള്‍ക്ക് പിന്നിലുള്ള പ്രധാന കാരണം. നേരത്തേ 2 സ്റ്റേറ്റ്‌സ് എന്ന ചിത്രം ഒരുക്കിയ അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഈ വര്‍ഷം ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആണ് ലഭിച്ചത്. ഇന്ത്യയില്‍ മാത്രം 4000 സ്‌ക്രീനുകളും വിദേശത്ത് 1300 സ്‌ക്രീനുകളും! ആകെ 5300 സ്‌ക്രീനുകളിലാണ് ചിത്രം ബുധനാഴ്ച പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ആദ്യ ഷോകള്‍ക്ക് ശേഷം ചിത്രത്തെക്കുറിച്ച് വന്ന അഭിപ്രായങ്ങളില്‍ മിക്കതും നെഗറ്റീവ് ആയിരുന്നു. പ്രതീക്ഷാഭാരവുമായെത്തിയ ചിത്രം ബോക്‌സ്ഓഫീസിലും വീഴുമോ എന്ന് ബോളിവുഡ് ഭയന്ന ദിവസം. എന്നാല്‍ അത്തരത്തിലൊരു ഭയം അസ്ഥാനത്താണെന്ന് ഇപ്പോള്‍ പുറത്തുവരുന്ന ആദ്യദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പറയുന്നു.

മികച്ച കളക്ഷന്‍ എന്നല്ല, മറിച്ച് ഈ വര്‍ഷം തീയേറ്ററുകളിലെത്തിയ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന റിലീസ് ദിന കളക്ഷന്‍ എന്ന റെക്കോര്‍ഡിനും കലങ്ക് അര്‍ഹമായി. ഇന്ത്യയിലെ 4000 സ്‌ക്രീനുകളില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയത് 21.6 കോടി രൂപ. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയ തുക ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 

എന്നാല്‍ ആദ്യദിനം നേടിയ കളക്ഷന്‍ ഈ വാരാന്ത്യത്തിലേക്ക് ചിത്രം തുടരുമോ എന്നത് കാത്തിരുന്ന് കാണണം. മഹാവീര്‍ ജയന്തി പ്രമാണിച്ചുള്ള അവധിയായിരുന്നു ഉത്തരേന്ത്യയില്‍ ബുധനാഴ്ച. കൂടാതെ വന്‍ പ്രീ-റിലീസ് ഹൈപ്പും ആദ്യദിന കളക്ഷനെ സ്വാധീനിച്ച ഘടകമാണ്. നെഗറ്റീവ് നിരൂപണങ്ങള്‍ക്കിടയില്‍ ഈ വാരാന്ത്യത്തിലെ പ്രേക്ഷകപ്രതികരണത്തിന് കാതോര്‍ക്കുകയാണ് ബോളിവുഡ് ഇന്‍ഡസ്ട്രി.

Follow Us:
Download App:
  • android
  • ios