കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യദിനത്തിലെ കളക്ഷനിലും ചിത്രം ഗംഭീര പ്രകടനം റിലീസ് ദിനത്തില്‍ നടത്തിയെന്ന് വ്യക്തമാണ്.

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സയൻസ് ഫിക്ഷൻ മിത്തോളജിക്കല്‍ ചിത്രമാണ് 'കൽക്കി 2898 എഡി'. ജൂണ്‍ 27ന് പുറത്തിറങ്ങിയതു മുതൽ ഗംഭീരമായ റിപ്പോര്‍ട്ടാണ് ചിത്രം നേടുന്നത്. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ താരനിര അണിനിരക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യദിനത്തിലെ കളക്ഷനിലും ചിത്രം ഗംഭീര പ്രകടനം റിലീസ് ദിനത്തില്‍ നടത്തിയെന്ന് വ്യക്തമാണ്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 191.5 കോടി ആണെന്ന് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. ഇതോടെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണര്‍ ആയിരിക്കുകയാണ് ചിത്രം. 

223 കോടി നേടിയ ആര്‍ആര്‍ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. അതേസമയം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി വന്നതോടെ ഈ വാരാന്ത്യത്തില്‍ ചിത്രം വന്‍ നേട്ടം ഉണ്ടാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെയാണ് രണ്ടാം ദിനത്തിലെ ഇന്ത്യന്‍ ബോക്സോഫീസ് കണക്കുകള്‍ പുറത്തുവരുന്നത്. 

രണ്ടാം ദിനത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 54 കോടിയാണ് എന്നാണ് ട്രേഡ് അനലൈസ് സൈറ്റായ സാക്നില്‍ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച തെലുങ്ക് പതിപ്പ് 25.65 കോടി നേടി, തമിഴ് പതിപ്പ് 3.5 കോടി നേടി, ഹിന്ദി പതിപ്പ് 22.5 കോടി നേടി, കന്നഡ പതിപ്പ് 0.35 കോടിയാണ് നേടിയത്, മലയാളം പതിപ്പ് 2 കോടി നേടി. 

ആദ്യദിനത്തില്‍ 'കൽക്കി 2898 എഡി' ഇന്ത്യന്‍ ബോക്സോഫീസില്‍ 95 കോടിയാണ് നേടിയിരുന്നത്. അത് വച്ച് നോക്കുമ്പോള്‍ 43 ശതമാനം ആഭ്യന്തര കളക്ഷന്‍ കുറവാണ്. എന്നാല്‍ അത് സാധാരണമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. വെള്ളിയാഴ്ച വര്‍ക്കിംഗ് ഡേയാണ്. അതിനാല്‍ ഇത് സ്വാഭാവികമാണ്. എന്നാല്‍ ശനി ഞായര്‍ ദിവസങ്ങളില്‍ കളക്ഷന്‍ കുത്തനെ കൂടും എന്നാണ് പ്രവചനം. 500 കോടി റിലീസ് വാരാന്ത്യം എന്ന ലക്ഷ്യം ചിലപ്പോള്‍ കല്‍ക്കി നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. 

'കൽക്കി 2898 എഡി' രണ്ടാം ഭാഗം എപ്പോള്‍; പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായി

'സുപ്രീം ലീഡര്‍ യാസ്‌കിൻ' കൽക്കി 2898 എഡിയില്‍ കമൽഹാസന് കൈയ്യടി; ഇത് വെറും തുടക്കമെന്ന് കമല്‍