കമൽ ഹാസൻ-മണിരത്നം ചിത്രം തഗ് ലൈഫ് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. ആദ്യ വാരാന്ത്യ കളക്ഷൻ 50 കോടിയിൽ താഴെയാണ്

ചെന്നൈ: കമൽ ഹാസന്‍ മണിരത്നം ജോഡിയുടെ ഏറ്റവും പുതിയ ചിത്രം തഗ് ലൈഫ് മണ്‍ഡേ ടെസ്റ്റില്‍ പരാജയപ്പെട്ടു, മണിരത്നം സംവിധാനം ചെയ്ത ചിത്രം 2025 ജൂൺ 9 ന് റിലീസ് ചെയ്ത അഞ്ചാം ദിവസം (തിങ്കൾ) 3.25 കോടി രൂപ മാത്രമാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്.

തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, സിലംബരസൻ ടിആർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിലവിൽ ചിത്രം 40.15 കോടി രൂപ നേടിയിട്ടുണ്ടെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നത്. ആദ്യ ദിവസം 15.5 കോടി രൂപയും, രണ്ടാം ദിവസം (വെള്ളിയാഴ്ച) 7.15 കോടി രൂപയും, മൂന്നാം ദിവസം (ശനിയാഴ്ച) 7.75 കോടി രൂപയും, നാലാം ദിവസം (ഞായറാഴ്ച) ഇന്ത്യൻ ബോക്സ് ഓഫീസിൽ 6.5 കോടി രൂപയും ചിത്രം നേടിയിട്ടുണ്ട്.

എന്നാല്‍ ആദ്യ വാരാന്ത്യത്തില്‍ 50 കോടി പോലും കടക്കാന്‍ കഴിയാത്ത ചിത്രം വന്‍ പരാജയത്തിലേക്കാണ് കൂപ്പ് കുത്തുന്നത് എന്ന് വ്യക്തമാണ്. 200 കോടിക്ക് മുകളില്‍ ചിത്രത്തിന് മുടക്കുമുതല്‍ ഉണ്ടെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കമല്‍ഹാസന്‍റെ തഗ് ലൈഫിന് മുന്‍പുള്ള ചിത്രം ഇന്ത്യന്‍ 2വിന് ഇതിനെക്കാള്‍ മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു എന്നതാണ് ഇപ്പോള്‍ ബോക്സോഫീസിലെ ചര്‍ച്ച. 62.15 കോടിയാണ് ഇന്ത്യന്‍ 2 നാല് ദിവസത്തില്‍ കളക്ഷന്‍ നേടിയത്. മണിരത്നത്തിന്‍റെ അവസാന ചിത്രം പൊന്നിയിന്‍ സെല്‍വന്‍ നാല് ദിവസങ്ങളില്‍ 100 കോടി കടന്നിരുന്നുവെന്നും കാണേണ്ട കണക്കാണ്.

കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് ത​ഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.