വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ എന്ന ബഹുഭാഷാ ചിത്രത്തിന്റെ വിജയ സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തലാണ് ഈ ലേഖനം. 150 കോടി നേടിയാല്‍ മാത്രമേ ചിത്രം ബ്രേക്ക് ഈവണ്‍ ആകൂ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഹൈദരാബാദ്: വിഷ്ണു മഞ്ചു നായകനായി എത്തുന്ന ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രം കണ്ണപ്പ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ചിത്രത്തിന് നിലനിപ്പ് ഉള്ളൂവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും 150 കോടിയെങ്കിലും ചിത്രം നേടണം ബ്രേക്ക് ഈവണ്‍ ആകാന്‍ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

കണ്ണപ്പ ഒരു ദൃശ്യവിസ്മയമായി മാറ്റാന്‍ വലിയ മുതൽമുടക്കാണ് വിഷ്ണു മഞ്ചുവിന്‍റെ പിതാവും ചിത്രത്തിന്‍റെ നിര്‍മ്മാതാവുമായ മുതിര്‍ന്ന നടന്‍ മോഹന്‍ബാബു നടത്തിയിരിക്കുന്നത്. അതിനാൽ ഈ ചിത്രത്തിന് പ്രേക്ഷകരുടെ വൻ പിന്തുണ അനിവാര്യമാണ്. ചിത്രത്തിലെ വന്‍ താരനിര ആളുകളെ ആകർഷിക്കുമെന്നാണ് ട്രേഡ് വിദഗ്ധർ വിലയിരുത്തുന്നത്.

കോയ്‌മോയ്‌യുടെ റിപ്പോർട്ട് പ്രകാരം ചിത്രം 200 കോടി രൂപ നേടിയാൽ സാമ്പത്തിക വിജയം ഉറപ്പാക്കാനാകും. ഇതിനായി, തെലുങ്കു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വിഷ്ണു മഞ്ചുവിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നായ കണ്ണപ്പ ഒരു പാൻ-ഇന്ത്യൻ ചിത്രമായി എല്ലാ പ്രേക്ഷക വിഭാഗങ്ങളെയും ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം വൻ ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു ശിവഭക്തന്‍റെ സാഹസികത വിവരിക്കുന്ന പുരാണ കഥയാണ് ചിത്രം പറയുന്നത്.

ഈ ചിത്രം വിജയകരമായി 150 കോടി കടക്കുകയാണെങ്കിൽ വിഷ്ണു മഞ്ചുവിന്റെ കരിയറിൽ ഒരു നാഴികക്കല്ലായി ഇത് മാറും. എന്തായാലും തെലുങ്കില്‍ നിന്ന് പ്രഭാസ്, മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ബോളിവുഡില്‍ നിന്നും അക്ഷയ് കുമാര്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രം വിജയം നേടുമോ എന്ന ആകാംക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകള്‍. ജൂണ്‍ 27നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.