ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച്, കല്യാണി നായികയായ 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര' ആഗോള ബോക്സ് ഓഫീസില്‍ 300 കോടി നേടി ചരിത്രം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായ ലോകയുടെ വിജയത്തിന് പിന്നില്‍ മറുഭാഷാ പ്രേക്ഷകരുടെ പിന്തുണയുമുണ്ട്. 

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച്, ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത്, കല്യാണി ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ആയിരുന്നു. ഓഗസ്റ്റ് 28 ന് ഓണം റിലീസ് ആയി വലിയ പ്രീ റിലീസ് ബഹളങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ദിവസം കൊണ്ടുതന്നെ മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടി. പിന്നീട് നടന്നത് ചരിത്രം.

റിലീസിന്‍റെ 41-ാം ദിനം ആയിരുന്ന ഇന്നലെയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ കയറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രവുമാണ് ലോക. മലയാളികള്‍ മാത്രം കണ്ടതുകൊണ്ടല്ല ഈ നേട്ടം ഉണ്ടായത്, മറിച്ച് മറുഭാഷാ പ്രേക്ഷകര്‍ കൂടി കണ്ടതുകൊണ്ടാണ്. മലയാള സിനിമകള്‍ തിയറ്ററുകളിലെത്തി കാണുന്ന മറുഭാഷാ പ്രേക്ഷകര്‍ എന്ന സമീപകാല ട്രെന്‍ഡിന്‍റെ പുതിയ ഉദാഹരണം കൂടിയാണ് ലോക. ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ വിശദമായി നോക്കാം.

30 കോടി ബജറ്റില്‍ എത്തിയ ചിത്രമാണ് ഇത്. ഈ ബജറ്റില്‍ വിഎഫ്എക്സ് ഉള്‍പ്പെടെ ഇത്ര മികച്ചൊരു തിയറ്റര്‍ അനുഭവം എന്ന നിലയില്‍ മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും അഭിനന്ദനങ്ങള്‍ നേടിയിരുന്നു ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ​ഗ്രോസ് 181.03 കോടിയും വിദേശ കളക്ഷന്‍ 119.3 കോടിയുമാണ്. ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 154.59 കോടിയും. ഇന്ത്യയിലെ കളക്ഷനില്‍ വിവിധ ഭാഷാ പതിപ്പുകളുടെ നേട്ടം വേര്‍തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട് സാക്നില്‍ക്.

ഇതനുസരിച്ച് മലയാളം പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ (​ഗ്രോസ് അല്ല) 120.82 കോടിയാണ്. മലയാളം കഴിഞ്ഞാല്‍ ഏറ്റവും കളക്റ്റ് ചെയ്തത് തമിഴ് പതിപ്പ് ആണ്. 16.32 കോടിയാണ് തമിഴ് പതിപ്പിന്‍റെ നെറ്റ് കളക്ഷന്‍. തെലുങ്ക് പതിപ്പും മികച്ച കളക്ഷന്‍ നേടി. 13.73 കോടിയാണ് തെലുങ്ക് നെറ്റ്. ഹിന്ദി പതിപ്പിന് നേടാനായത് 3.72 കോടി നെറ്റ് ആണ്. അതേസമയം വിദേശ കളക്ഷനിലെ ഭാഷ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്