കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഒക്ടോബർ 2ന് ആയിരുന്നു കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. കാന്താരയെ മറികടന്നതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രം എന്ന ഖ്യാതിയും കാന്താര ചാപ്റ്റർ 1 സ്വന്തമാക്കി.
ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യുക, അത് മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറുക, തിയറ്ററുകളിൽ ആളെ നിറയ്ക്കുക, ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിക്കുക.. ഇവയൊക്കെയാണ് ഇപ്പോൾ കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധായകനായും നടനും ബിഗ് സ്ക്രീൻ അടക്കിവാഴുന്ന ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്ക് വൻ ദൃശ്യവിരുന്നാണ് സമ്മാനിച്ചിരിക്കുന്നത്. കേരളത്തിലടക്കം മികച്ച പ്രതികരണം കാന്താര പ്രിക്വലിന് ലഭിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങൾ കീഴടക്കുന്ന ചിത്രം ഇപ്പോൾ കാന്താരയുടെ തന്നെ കളക്ഷൻ മറികടന്നിരിക്കുകയാണ്. കാന്താരയുട ആജീവാനന്ത കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റർ 1 മറികടന്നിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഒക്ടോബർ 2ന് ആയിരുന്നു കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. കാന്താരയെ മറികടന്നതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രം എന്ന ഖ്യാതിയും കാന്താര ചാപ്റ്റർ 1 സ്വന്തമാക്കി. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആറ് ദിവസത്തെ ചിത്രത്തിന്റെ ആഗോളകളക്ഷൻ 415 കോടി രൂപയാണ്. കാന്താരയുടെ ആജീവാനന്ത കളക്ഷൻ 407.82 കോടി രൂപയും.
കാന്താര ചാപ്റ്റർ 1ന് മുന്നിലുള്ളത് ഒരേയൊരു സിനിമ മാത്രമാണ്. യാഷ് നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ചിത്രം കെജിഎഫ് ചാപ്റ്റർ 2. 1215കോടി രൂപയാണ് ഈ പടത്തിന്റെ ഫൈനൽ കളക്ഷൻ. കെജിഎഫ് 2വിനെ കാന്താര ചാപ്റ്റർ 1 മറികടക്കുമോ ഇല്ലയോ എന്നത് വഴിയെ അറിയാനാകും. ലോകമെമ്പാടുമായി 238 കോടി രൂപ നേടിയ കെജിഎഫ് ചാപ്റ്റർ 1 ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ സിനിമകളിൽ നാലാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കാന്താരയാണ്.
കർണാടകയിൽ മാത്രമല്ല, ഹിന്ദി ബെൽറ്റ്, തെലുങ്ക് സംസ്ഥാനങ്ങൾ, തമിഴ്‌നാട്, കേരളം, വിദേശ വിപണികൾ എന്നിവിടങ്ങളിലും കാന്താര 2 മികച്ച റൺ നടത്തുന്നുണ്ട്. 28.35 കോടിയാണ് കേരളത്തിലെ കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്നും 31 കോടിയും ചിത്രം നേടിയിട്ടുണ്ട്. 66.50 കോടി രൂപയാണ് കാന്താര ചാപ്റ്റര്‍ 1ന്‍റെ ഓവർസീസ്‍ കളക്ഷൻ. ഇന്ത്യ ഗ്രോസ് കളക്ഷൻ 348.50 കോടിയും നെറ്റ് കളക്ഷൻ 291 കോടിയുമാണ്. 44 കോടിയായിരുന്നു കാന്താര ഓവർസീസിൽ നിന്നും നേടിയത്. ഇന്ത്യ ഗ്രോസ് 363.82 കോടിയും നെറ്റ് 309.64 കോടിയുമായിരുന്നു.



