രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്

ഒരു മലയാളം നടന്‍ എന്നതിനപ്പുറം തെന്നിന്ത്യ മുഴുവന്‍ പ്രേക്ഷക സ്വാധീനമുള്ള താരമാണ് ഇന്ന് ഫഹദ് ഫാസില്‍. തമിഴിലും തെലുങ്കിലുമൊക്കെ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ ലഭിക്കുന്ന ചിത്രങ്ങളുടെ ഭാഗമാവുന്നു എന്നത് ഫഹദിന്‍റെ കരിയറിലെ വലിയ നേട്ടമാണ്. ഫഹദ് നായകനായ ഒരു ഇതരഭാഷാ ചിത്രം ഇവിടെ ഇപ്പോഴും തിയറ്ററുകളില്‍‌ തുടരുന്നുണ്ട്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത്, വടിവേലു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാമന്നന്‍ ആണ് ആ ചിത്രം. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് കേരളത്തിലും ഭേദപ്പെട്ട കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.

മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുമ്പോഴും കേരളത്തിലെ പ്രധാന സെന്‍ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 2.5 കോടിയാണ്. റിലീസ് ചെയ്യപ്പെടുന്ന ഭൂരിഭാഗം സിനിമകള്‍ക്കും പ്രേക്ഷകശ്രദ്ധ ലഭിക്കാതെ പോവുമ്പോഴാണ് ഒരു തമിഴ് ചിത്രം ഈ നിലയില്‍ കളക്റ്റ് ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയം.

Scroll to load tweet…

റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിന്‍ ആണ്. വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍റെ മകന്‍ അതിവീരനെയാണ് ഉദയനിധി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എ ആര്‍ റഹ്‍മാന്‍, ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍, ഡാന്‍സ് കൊറിയോഗ്രഫി സാന്‍ഡി.

ALSO READ : ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ ചിത്രങ്ങള്‍ ഏതൊക്കെ? 2023 ആദ്യ പകുതിയിലെ ലിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം