ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം
പല കാരണങ്ങളാല്‍ റിലീസ് വൈകിയ ചില ചിത്രങ്ങള്‍ ഒടുവില്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ നേടുന്ന ജനപ്രീതി കൊണ്ട് വിസ്മയിപ്പിക്കാറുണ്ട്. തമിഴ് സിനിമയില്‍ നിന്ന് അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മദ ഗജ രാജ. വിശാലിന്‍റെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം ഒന്നും രണ്ടുമല്ല നീണ്ട 12 വര്‍ഷങ്ങളാണ് പെട്ടിയില്‍ ഇരുന്നത്. സാമ്പത്തികവും നിയമപരവുമായ തടസങ്ങളെ തുടര്‍ന്നായിരുന്നു ഈ വൈകല്‍. എന്നാല്‍ ഒടുവില്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ നിര്‍മ്മാതാക്കളുടെ പ്രയാസങ്ങള്‍ക്കുള്ള മരുന്ന് പ്രേക്ഷകര്‍ ബോക്സ് ഓഫീസില്‍ അറിഞ്ഞുനല്‍കി. തമിഴ് സിനിമയുടെ ചരിത്രത്തില്‍ത്തന്നെ അതിനാല്‍ അപൂര്‍വ്വ വിജയകഥയുമാണ് മദ ഗജ രാജയുടേത്.
പൊങ്കല്‍ റിലീസ് ആയി ജനുവരി 12 നാണ് മദ ഗജ രാജ തിയറ്ററുകളില്‍ എത്തിയത്. ശരിക്കും തിയറ്ററുകളിലെ പൊങ്കല്‍ മത്സരത്തില്‍ ആരും വലിയ സാധ്യത കല്‍പ്പിക്കാതെയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ സിനിമകളുടെ ജയപരാജയങ്ങള്‍ റിലീസിന് മുന്‍പ് ആര്‍ക്കും പ്രവചിക്കാനാവില്ലെന്ന വസ്തുത ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീട് തിയറ്ററുകളില്‍.
12 വര്‍ഷം മുന്‍പ് 15 കോടി ബജറ്റില്‍ റിലീസിന് തയ്യാറെടുത്ത ചിത്രമാണിത്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്ന ഗ്രോസ് 52.9 കോടിയാണ്. അതായത് ബജറ്റിന്‍റെ നാല് ഇരട്ടിയോളം. ജെമിനി ഫിലിം സര്‍ക്യൂട്ട്, ബെന്‍സ് മീഡിയ എന്നീ ബാനറുകളില്‍ അക്കിനേനി മനോഹര്‍ പ്രസാദ്, അക്കിനേനി ആനന്ദ് പ്രസാദ്, എ സി ഷണ്‍മുഖം, എ സി എസ് അരുണ്‍ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്താനം, അഞ്ജലി, വരലക്ഷ്മി ശരത്കുമാര്‍, സോനു സൂദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : മുന്‍ സൈനികോദ്യോഗസ്ഥന്‍റെ ജീവിതം പറയാന്‍ 'മൈ ജോംഗ'
