ജിതിൻ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' എന്ന പുതിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തുന്ന സിനിമയിലെ ഈ കഥാപാത്രങ്ങളുടെ വെച്ചുമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രക്ഷകരെ ഞെട്ടിച്ച താരമാണ് മമ്മൂട്ടി. അതും മറ്റൊരു സൂപ്പർ താരവും ചെയ്യാത്ത, ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങളടക്കം ചെയ്തു കൊണ്ട്. അക്കൂട്ടത്തിലേക്കാണ് കളങ്കാവൽ എന്ന സിനിമയും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. അതും പ്രതിനായകനായി. ജയകൃഷ്ണൻ(നത്ത്) എന്ന നായകനായി വിനായകൻ കസറിയപ്പോൾ, സ്റ്റാൻലി എന്ന വില്ലനായി മമ്മൂട്ടി വമ്പൻ പ്രകടനം കാഴ്ചവച്ചു. ഈ കഥാപാത്രങ്ങളെ വെച്ചുമാറിയതാണ് കളങ്കാവലിന്റെ പ്രധാന ഹൈലൈറ്റ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ പിന്നടുമ്പോൾ ബോക്സ് ഓഫീസിൽ വൻ തരംഗമാണ് കളങ്കാവൽ കാഴ്ചവയ്ക്കുന്നത്. ആദ്യദിനം 15.7 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം വൈകാതെ തന്നെ 50 കോടി ക്ലബ്ബെന്ന നേട്ടം കളങ്കാവൽ നേടും. മികച്ച വീക്കെന്റും സിനിമയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. റിലീസ് ചെയ്ത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന് ഓരോ ദിവസവും മികച്ച ബുക്കിങ്ങാണ് നടന്നിരിക്കുന്നത്. തതവസരത്തിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ കളങ്കാവലിന്റേതായി വിറ്റുപോയ ടിക്കറ്റുകളുടെ കണക്ക് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി.
ഒരുലക്ഷത്തി എഴുപത്തി ആറായിരം(176.08k) ടിക്കറ്റുകളാണ് കളങ്കാവലിന്റേതായി 24 മണിക്കൂറിൽ വിറ്റുപോയിരിക്കുന്നത്. ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണിത്. ഒപ്പം ബുക്ക് മൈ ഷോയിൽ ട്രെന്റിങ്ങുമാണ് ചിത്രം. അതേസമയം, 275ലധികം ലേറ്റ് നൈറ്റ് ഷോകള്‍ സിനിമയുടേതായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിര്‍മ്മാണം കൂടിയാണ് കളങ്കാവല്‍.



