- Home
- Entertainment
- News (Entertainment)
- 'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്
'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്
രണ്ട് മാസത്തിലേറെയായി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് നടനും അവതാരകനുമായ രാജേഷ് കേശവ്. വെല്ലൂർ മെഡിക്കൽ കോളേജിലാണ് ചികിത്സ. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പങ്കുവച്ച് എത്തിയിരിക്കുകയാണ് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി.

രാജേഷിനെ വെല്ലൂരിൽ കാണുമ്പോൾ..
രാജേഷിനെ വെല്ലൂരിൽ കാണുമ്പോൾ എന്ന തലവാചകത്തോടെയാണ് പ്രതാപ് ജയലക്ഷ്മിയുടെ പോസ്റ്റ്. പഴയ പോലെ ആവേശം തുളുമ്പുന്ന പെർഫോമൻസുമായി രാജേഷ് തിരിച്ചുവരുമെന്നും പ്രതാപ് കുറിക്കുന്നു.
സിനിമ ഒരു സ്വപ്നമായി കൊണ്ട് നടന്നവൻ..
പ്രതാപിന്‍റെ വാക്കുകള്‍ ഇങ്ങനെ:‘ലോകം മുഴുവൻ ഓടി നടന്ന്, സ്റ്റേജുകളിൽ തന്റെ വാക്ധോരണി കൊണ്ടും, പഞ്ച് ഡയലോഗു കൊണ്ടും താരങ്ങളെയും കാണികളെയും ആവേശ ഭരിതനാക്കിയവൻ, സിനിമ ഒരു സ്വപ്നമായി കൊണ്ട് നടന്നവൻ..ഇറങ്ങുന്ന എല്ലാ സിനിമകളും ആദ്യ ദിവസം തന്നെ കാണണമെന്ന് വാശിയുള്ളവൻ’
സ്റ്റേജ് ഷോ അവനൊരു ലഹരി..
‘പരിചയമുള്ളവരെയും ഇല്ലാത്തവരുടെയും പ്രൊജക്ടുകൾ അനൗൺസ് ചെയ്യുമ്പോൾ ഒരേ ആവേശത്തോടെ അത് ഷെയര്‍ ചെയ്തിരുന്നവൻ.എന്നും എപ്പോഴും സിനിമ ആയിരുന്നു അവന്റെ എല്ലാം. സ്റ്റേജ് ഷോ അവനൊരു ലഹരി ആയിരുന്നു. സുഹൃത്തുക്കൾ അവന്റെ വീക്നെസ്സും’.
ബാല്യത്തിലെന്നപോലെ..
‘അവനിപ്പോൾ ചുറ്റും നടക്കുന്നത് എന്താണെന്നു പഠിക്കുകയാണ്. അല്ലെങ്കിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാളെ വീണ്ടും ജീവിതം പഠിപ്പിക്കുകയാണ്. കൈ കാലുകൾ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനും, ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാനും ഒരു ബാല്യത്തിലെന്നപോലെ. വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു ഓരോന്നായി പഠിപ്പിക്കുന്ന, നിർബന്ധിച്ചു ചെയ്യിപ്പിക്കുന്ന ഈ രീതി നമുക്ക് അത്ര പരിചയമുള്ള കാര്യമല്ല. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇവിടെ നടക്കുന്നത് അതാണ്’.
മുന്നോട്ടുള്ള യാത്രയിലാണ്..
‘തിരിച്ചു വരവിന്റെ പാതയിലെ വൈതരണികളെ ഓരോന്നായി നേരിട്ട് പതുക്കെ നമ്മുടെ രാജേഷ് മുന്നോട്ടുള്ള യാത്രയിലാണ്. എത്ര നാൾ അല്ലെങ്കിൽ എന്ന് എന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ ഒന്നുണ്ട്. അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല. അത്രയേറെ സ്വപ്നങ്ങളുടെ മല കയറുമ്പോഴാണ് അവൻ കിടപ്പിലായത്. ആ പാതയിൽ ഞാനടക്കമുള്ള ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ബന്ധിക്കപ്പട്ടിരിക്കുന്നു’.
സമയം വേണം..
‘രാജേഷിന് എങ്ങനെയുണ്ടെന്നു എപ്പോഴും ചോദിക്കുന്നവരോടാണ്. അവൻ തിരിച്ചു വരാനുള്ള കഠിന പ്രയത്‌നത്തിലാണ്. അത് ശ്രമകരമാണ്, ഏറെ സമയം വേണ്ട ഒന്നാണ്. ആ ശ്രമത്തിന് താങ്ങായി തണലായി കൂടെ നിൽക്കുന്നവരോട് എന്നും കടപ്പെട്ടിരിക്കുന്നു’.
ചിലവുകൾ ഭാരിച്ചത്..
‘രാജേഷിന്റെ ചികിത്സാ ചിലവുകൾ ഭാരിച്ചതാണ്. അതറിഞ്ഞു അവന്റെ ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരുടെ കൂട്ടായ്മ ഒരു തുക കളക്ട് ചെയ്തു രാജേഷിന്റെ പത്നിയുടെ പേരിൽ അയച്ചു കൊടുത്തതടക്കമുള്ള നല്ല മനസ്സുകൾ ഇവിടെയുണ്ടെന്നത് എറെ സമാധാനം നൽകുന്നവയാണ്’
ഇനിയും ചികിത്സ തുടരും..
'ഇനിയും ചികിത്സ തുടരും. അവൻ തിരിച്ചു വരും. വീണ്ടും പഴയ പോലെ ആവേശം തുളുമ്പുന്ന പെർഫോമൻസുമായി. പ്രാർത്ഥനയും സ്നേഹവും. നമുക്കും തുടരാം. നന്ദി'.

