ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനുമായി എത്തുന്ന ചിത്രത്തിന് മികച്ച പ്രീ-സെയിൽ പ്രതികരണമാണ് ലഭിക്കുന്നത്.
കഴിഞ്ഞ നാല്പത്തി രണ്ടുവർഷത്തോളമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് പ്രിയ നടൻ മമ്മൂട്ടി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ച ഒട്ടനവധി വേഷങ്ങളുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം തീർത്തും വിഭിന്നമായ കഥാപാത്രങ്ങളുമായാണ് സമീപകാലത്ത് മമ്മൂട്ടി എത്തുന്നത്. ഒരു മുൻനിര നടനും ചെയ്യാത്ത കഥാപാത്രങ്ങളടക്കം ചെയ്ത്, തന്നിലെ നടനെ ഓരോ സിനിമകൾ കഴിയുന്തോറും മിനുക്കി കൊണ്ടേയിരിക്കുകയാണ്. അക്കൂട്ടത്തിലേക്കാണ് കളങ്കാവൽ എത്തുന്നത്.
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. രണ്ട് ദിവസം മുൻപ് ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തതവസരത്തിൽ കളങ്കാവൽ പ്രീ സെയിൽ കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. സിനിമ റിലീസ് ചെയ്യാൻ രണ്ട് ദിവസം ബാക്കി നിൽക്കെ 1.25 കോടി രൂപയാണ് ചിത്രം നേടിയത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഒഫീഷ്യൽ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ബാക്കിയുള്ള രണ്ട് ദിവസത്തില്‍ മികച്ചൊരു പ്രീ സെയില്‍ ചിത്രത്തിന് ഉണ്ടാകുമെന്ന് ഉറപ്പാണ്.
മമ്മൂട്ടിയുടെ ഭ്രമയുഗം, പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേ എന്നിവയുടെ ഫൈനൽ പ്രീ സെയിൽ കളക്ഷനാണ് ഇതോടെ കളങ്കാവൽ മറികടന്നത്. പ്രമുഖ ട്രാക്കര്‍മാരുടെ റിപ്പോർട്ടുകൾ പ്രകാരം ഡീയസ് ഈറേയുടെ വേൾഡ് വൈഡ് പ്രീ സെയിൽ 1.3 കോടിയാണ്. ഈ കളക്ഷനെയാണ് കേരളത്തിൽ നിന്നുമാത്രം കളങ്കാവൽ മറികടന്നിരിക്കുന്നത്. 1.2 ആണ് ഭ്രമയുഗത്തിന്റെ പ്രീ സെയിൽ കളക്ഷൻ. ടർബോയാണ് പ്രീ സെയിലിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. 3.5 കോടിയായിരുന്നു കളക്ഷൻ.
അതേസമയം, കളങ്കാവലിൽ വിനായകനാണ് നായകനെന്നും താൻ പ്രതിനായകനാണെന്നും മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെയേറെ പ്രതീക്ഷയിലാണ് സിനിമാസ്വാദകർ കളങ്കാവലിനായി കാത്തിരിക്കുന്നത്. വിനായകൻ പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ നടക്കുന്ന ക്രൈമുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് സിനിമയുടെ പശ്ചാത്തലമെന്നാണ് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്.



