മമ്മൂട്ടി പ്രതിനായകനായി എത്തിയ 'കളങ്കാവൽ' ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. ഏഴാം ദിവസത്തോടെ 60 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് മമ്മൂട്ടി. ഇക്കാലമത്രയും മമ്മൂട്ടിയിലെ നടൻ മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ്. സമീപകാലത്ത് ഏറെ വ്യത്യസ്തമായ, മറ്റൊരു താരവും ചെയ്യാത്ത കഥാപാത്രങ്ങളുമായാണ് ആരാധകർക്കും സിനിമാസ്വാദകർക്കും മുന്നിൽ മമ്മൂട്ടി എത്തുന്നത്. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കളങ്കാവൽ. വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനായും എത്തിയ കളങ്കാവൽ തീയറ്ററുകളിൽ മുന്നേറുന്ന ഈ വേളയിൽ ചിത്രം ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
ഡിസംബർ 5ന് ആയിരുന്നു കളങ്കാവൽ റിലീസ് ചെയ്തത്. ഒടുവിൽ നാലാം ദിനം 50 കോടി ക്ലബ്ബിലും സിനിമ എത്തി. റിലീസ് ചെയ്ത് ആറ് ദിവസത്തിൽ 58.50 കോടിയാണ് കളങ്കാവൽ നേടിയിരിക്കുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ കണക്കാണിത്. ഇന്ത്യ നെറ്റ് 24.30 കോടി, ഓവർസീസ് 29.90 കോടി, ഇന്ത്യ ഗ്രോസ് 28.60 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ഏഴാം ദിവസത്തോടെ കളങ്കാവൽ 60 കോടി എന്ന സംഖ്യയും പിന്നിടുമെന്നാണ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലും കളങ്കാവലിന് മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്. ആറ് ദിവസം കൊണ്ട് 23.6 കോടി രൂപയാണ് കേരളത്തിൽ നിന്നും കളങ്കാവൽ നേടിയത്. കർണാടക 2.25 കോടി, ആന്ധ്ര-തെലുങ്കാന 32 ലക്ഷം, തമിഴ്നാട് 1.63 കോടി, മറ്റിടങ്ങളിൽ നിന്നും 8 ലക്ഷം എന്നിങ്ങനെയാണ് കളങ്കാവൽ നേടിയതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. 15.65 കോടിയായിരുന്നു ആദ്യദിനം കളങ്കാവൽ ആഗോളതലത്തിൽ നേടിയത്. പിന്നാലെ 15.60 കോടി, 13 കോടി, 5.45 കോടി, 5.15 കോടി, 4 കോടിയിധികം എന്നിങ്ങനെയാണ് മറ്റ് അഞ്ച് ദിവസത്തെ കളക്ഷൻ കണക്ക്.



