മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പ്.

മലയാളത്തിന്റെ അത്ഭുതമാകുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. ഉള്ളടക്കത്തിന്റെയും ആഖ്യാനത്തിന്റെ പ്രത്യേകതയാല്‍ മലയാള സിനിമ മറുനാട്ടിലും വിജയം കൊയ്യുന്ന കാഴ്‍ചയാണ് മഞ്ഞുമ്മല്‍ ബോയ്‍സിലൂടെ പ്രേക്ഷകര്‍ കാണുന്നത്. ആഗോള ബോക്സ് ഓഫീസില്‍ മലയാള സിനിമകളില്‍ നാലാമത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്നാണ് റിപ്പോര്‍ട്ട്. ലൂസിഫറും പുലിമുരുകനും 2018ഉം മാത്രമാണ് കളക്ഷനില്‍ മലയാളത്തില്‍ ഇനി മഞ്ഞുമ്മല്‍ ബോയ്‍സിന്റെ മുന്നിലുള്ളത്.

വമ്പൻമാരെ മഞ്ഞുമ്മല്‍ ബോയ്‍സ് 11 ദിവസങ്ങള്‍ കൊണ്ടാണ് മറികടന്നിരിക്കുന്നത് എന്നതാണ് പ്രധാന ഒരു പ്രത്യേകത. ആഗോള ബോക്സ് ഓഫീസില്‍ 90 കോടി രൂപയോളം മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയിട്ടുണ്ട്. വൈകാതെ മഞ്ഞുമ്മല്‍ ബോയ്‍സ് 100 കോടി ക്ലബില്‍ ഇടംനേടും. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സില്‍ യുവ താരങ്ങളായിരുന്നു പ്രധാന വേഷത്തില്‍ എത്തിയതെങ്കിലും ബോക്സ് ഓഫീസിലെ മുന്നേറ്റത്തില്‍ മുതിര്‍ന്ന നടൻമാരെയും അമ്പരപ്പിക്കുകയാണ്.

മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വത്തിന്റെ ലൈഫ്ടൈം കളക്ഷൻ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമകളില്‍ ആഗോള ബോക്സ് ഓഫീസില്‍ നേട്ടുമുണ്ടാക്കിയിരിക്കുന്നത്. ഭീഷ്‍മ പര്‍വം ആകെ 87.65 കോടി രൂപയാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പില്‍ ദുല്‍ഖര്‍ ചിത്രം കുറുപ്പും മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡും യുവ താരങ്ങളുടെ ആര്‍ഡിഎക്സുമൊക്കെ പിന്നിലായി. ആഗോള ബോക്സ് ഓഫീസില്‍ 85.70 കോടി രൂപ നേടിയ മോഹൻലാലിന്റെ നേര് ആറാമതായി.

മലയാളത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ തൊട്ടുമുന്നിലുള്ളത് ലൂസിഫറാണ്. ലൂസിഫര്‍ ആകെ നേടിയത് 128.52 കോടി രൂപയാണ്. രണ്ടാമതുള്ള പുലിമുരുകൻ ആകെ നേടിയത് 144.45 കോടി രൂപയുമാണ്. ഒന്നാമതുള്ള 2018 ആഗോളതലത്തില്‍ 175.50 കോടി രൂപയുമാണ് നേടിയത്.

Read More: സ്ഥാനങ്ങളില്‍ മാറ്റം, മമ്മൂട്ടിയോ മോഹൻലാലോ, ആരാണ് മുന്നില്‍?, ഫെബ്രുവരിയിലെ പട്ടിക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക