വ്യത്യസ്തമായ പ്രമേയങ്ങളിലും പരിചരണ ശൈലികളിലുമെത്തിയ ഒരു പിടി ചിത്രങ്ങളായിരുന്നു ഫെബ്രുവരിയില്‍ മലയാളത്തില്‍ നിന്ന്

മലയാള സിനിമയ്ക്ക് എന്തുകൊണ്ടും നല്ല മാസമായിരുന്നു ഫെബ്രുവരി. വ്യത്യസ്തമായ പ്രമേയങ്ങളിലും പരിചരണ ശൈലികളിലുമെത്തിയ ഒരു പിടി ചിത്രങ്ങള്‍. അവയൊക്കെ ഒരേസമയം മികച്ച പ്രേക്ഷകപ്രീതിയും ബോക്സ് ഓഫീസ് കളക്ഷനും നേടുക. അത് പൊതുവെ ബോക്സ് ഓഫീസിന്‍റെ പ‍ഞ്ഞ മാസമെന്ന് വിലയിരുത്തപ്പെടുന്ന ഫെബ്രുവരിയിലായി എന്നതാണ് കൗതുകകരം. എന്നാല്‍ ഫെബ്രുവരി കളക്ഷനില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒന്നാമതല്ല മോളിവുഡ്, മറിച്ച് രണ്ടാം സ്ഥാനത്താണ്. 

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഫെബ്രുവരി മാസത്തില്‍ മലയാള സിനിമകള്‍ നേടിയ ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ 115.388 കോടിയാണ്. 43 കോടി നേടിയ പ്രേമലുവും 30 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്സുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഇതില്‍ പ്രേമലു ഫെബ്രുവരി 9 നും മഞ്ഞുമ്മല്‍ ബോയ്സ് ഫെബ്രുവരി 22 നുമാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേമലു എത്തിയ അതേദിവസം തന്നെയാണ് ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും റിലീസ് ചെയ്യപ്പെട്ടത്. മമ്മൂട്ടിയുടെ ഭ്രമയുഗം ഫെബ്രുവരി 15 നും എത്തി.

അതേസമയം മലയാളത്തെ മറികടന്ന് ഫെബ്രുവരി മാസത്തില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒന്നാമതെത്തിയ സിനിമാ വ്യവസായം ബോളിവുഡ് ആണ്. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഫെബ്രുവരിയില്‍ ബോളിവുഡ് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയ ഇന്ത്യന്‍ ഗ്രോസ് 248 കോടിയാണ്. തേരി ബാതോം മേം ഐസാ ഉഝാ ജിയാ 90 കോടിയും ഫൈറ്റര്‍ 84 കോടിയും കളക്റ്റ് ചെയ്തു. അതേസമയം മലയാളത്തിന് പിന്നാലെ മൂന്നാം സ്ഥാനത്ത് തെലുങ്കും നാലാം സ്ഥാനത്ത് തമിഴുമുണ്ട്. തെലുങ്ക് 97 കോടിയും തമിഴ് 65 കോടിയുമാണ് ഫെബ്രുവരിയില്‍ നേടിയ ഗ്രോസ്. ഒന്‍പതാം സ്ഥാനത്തുള്ള കന്നഡ സിനിമ ഫെബ്രുവരിയില്‍ ആകെ നേടിയത് 9 കോടി മാത്രമാണ്. ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഫെബ്രുവരിയിലുണ്ടായ ആകെ റിലീസുകള്‍ 221 ആണ്. അവയില്‍ നിന്ന് ആകെ ലഭിച്ച കളക്ഷന്‍ 585.77 കോടിയും.

ALSO READ : 'ഖുറേഷി അബ്രാം' സ്പോട്ടഡ്? സസ്‍പെന്‍സ് ഒളിപ്പിച്ച് മോഹന്‍ലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം