ഒരു ബാലയ്യ ചിത്രം ആദ്യമായാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്

നന്ദമുറി ബാലകൃഷ്‍ണ (Nandamuri Balakrishna) നായകനായ തെലുങ്ക് ആക്ഷന്‍ ചിത്രം 'അഖണ്ഡ'യ്ക്ക് (Akhanda) ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം. ഡിസംബര്‍ 2ന് (മരക്കാറിന്‍റെ അതേ ദിവസം) തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയിലും വിദേശ മാര്‍ക്കറ്റുകളിലും ഒരേപോലെ മികച്ച പ്രതികരണമാണ് നേടിയത്. 'ബാലയ്യ'യുടെ കരിയര്‍ ബെസ്റ്റ് ആദ്യവാര കളക്ഷനുമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ 100 കോടി ക്ലബ്ബിലേക്കും കടന്നിരിക്കുകയാണ് ചിത്രം. ഒരു ബാലയ്യ ചിത്രം ആദ്യമായാണ് 100 കോടി നേടുന്നത്. കൊവിഡ് പശ്ചാത്തലത്തിലുള്ള, 50 ശതമാനം പ്രവേശനമടക്കമുള്ള നിയന്ത്രണങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അഖണ്ഡ നേടിയത് അസാധാരണ വിജയമാണെന്ന് ടോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 10 ദിവസം കൊണ്ട് 80 കോടിയിലേറെ നേടിയ ചിത്രം വിതരണക്കാര്‍ക്ക് 50 കോടിയിലേറെ ഷെയറും നേടിക്കൊടുത്തു. വിദേശ വിപണികളില്‍ നിന്ന് 15 കോടിയിലേറെയും ചിത്രം നേടി. അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ഒരുമിക്കുന്ന പുഷ്‍പയാണ് തെലുങ്കില്‍ നിന്നുള്ള അടുത്ത പ്രധാന റിലീസ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം ഡിസംബര്‍ 17നാണ് എത്തുന്നത്. വൈഡ് റിലീസ് ആയതിനാല്‍ പുഷ്‍പ എത്തുന്നതോടെ അഖണ്ഡയുടെ സ്ക്രീന്‍ കൗണ്ട് കാര്യമായി കുറയും. എന്നാലും ചിത്രം ഇനിയും തിയറ്ററുകളില്‍ തുടരുമെന്ന് തന്നെയാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

Scroll to load tweet…

സംവിധായകന്‍ ബോയാപട്ടി ശ്രീനു തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന അഖണ്ഡയുടെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് എം രത്നമാണ്. ദ്വാരക ക്രിയേഷന്‍സിന്‍റെ ബാനറില്‍ മിര്യാല രവീന്ദര്‍ റെഡ്ഡിയാണ് നിര്‍മ്മാണം. പ്രഗ്യ ജയ്‍സ്വാള്‍ നായികയായ ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്‍ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബാലയ്യയുടെ ശൈലിയിലുള്ള പഞ്ച് ഡയലോഗുകളാലും ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമാണ് ചിത്രം.