മലയാള സിനിമയില്‍ നിന്ന് ആ നേട്ടം മോഹന്‍ലാലിന് മാത്രം

മലയാള സിനിമയില്‍ സമീപകാലത്തൊന്നും കാണാത്ത ജനപ്രീതിയുമായി ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. സമീപകാലത്തൊന്നും ഒരു മലയാള ചിത്രത്തിന് ലഭിക്കാത്ത തരത്തില്‍ റിപ്പീറ്റ് ഓഡിയന്‍സിനെയും തുടരും സ്വന്തമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ആറ് ദിനങ്ങളില്‍ നിന്ന് 100 കോടി നേടിയ ചിത്രം നിലവില്‍ 160 കോടിയും കടന്ന് മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവറേജ് തിയറ്റര്‍ ഒക്കുപ്പന്‍സിയില്‍ ഇതുവരെ ഞെട്ടിച്ചിരിക്കുന്ന ചിത്രത്തിന് പത്ത് ദിനങ്ങള്‍ക്കിപ്പുറവും അത് തുടരാന്‍ സാധിക്കുന്നു എന്നതാണ് കൗതുകം. ഒരു മാസത്തിന്‍റെ അകലത്തിലെത്തിയ രണ്ട് ചിത്രങ്ങളിലൂടെ (എമ്പുരാന്‍, തുടരും) മോഹന്‍ലാല്‍ കേരള ബോക്സ് ഓഫീസിലെ തന്‍റെ അധീശത്വം മോഹന്‍ലാല്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. കേരളത്തിലെ പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളില്‍ കൗതുകകരമായ ഒന്നും അദ്ദേഹത്തിന്‍റെ പേരില്‍ ഉണ്ട്.

കേരളത്തില്‍ ഒറ്റ ദിനത്തില്‍ 7 കോടിയില്‍ അധികം കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ മലയാളത്തില്‍ മോഹന്‍ലാലിന് മാത്രമാണ്. ഇതര ഭാഷകളില്‍ നിന്ന് രണ്ട് താരങ്ങള്‍ക്കും. തമിഴ് താരം വിജയ്‍ക്കും കന്നഡ താരം യഷിനുമാണ് അത്. വിജയ്ക്ക് ലിയോയും യഷിന് കെജിഎഫ് രണ്ടുമാണ് ഈ നേട്ടം സൃഷ്ടിച്ചത്. ലിയോ കേരളത്തില്‍ മൂന്ന് ദിവസവും കെജിഎഫ് 2 രണ്ട് ദിവസവും ഈ നേട്ടം ഉണ്ടാക്കി. മോഹന്‍ലാല്‍ ഇതിനകം 9 തവണയാണ് ഈ നേട്ടത്തിന് അര്‍ഹനായത്. അദ്ദേഹത്തിന് ഏറ്റവും വലിയ ഓപണിംഗ് നേടിക്കൊടുത്ത എമ്പുരാന്‍ ആറ് തവണയും ഒടിയന്‍ ഒരു തവണയും (ഓപണിംഗ്) ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇപ്പോള്‍ തിയറ്ററുകളിലുള്ള തുടരും രണ്ട് തവണയാണ് ഈ നേട്ടത്തിന് അര്‍ഹമായത്. രണ്ടാം ദിവസവും പത്താം ദിവസവുമായിരുന്നു അത്.

അതേസമയം റിലീസിന് ശേഷമുള്ള രണ്ടാം തിങ്കളാഴ്ചയും ലഭിച്ച മികച്ച കളക്ഷന്‍ ചിത്രം നേടിയിരിക്കുന്ന ജനപ്രീതി എന്താണെന്നതിന് തെളിവാകുന്നുണ്ട്. തമിഴ് പതിപ്പ് ഈ മാസം 9 ന് തമിഴ്നാട്ടില്‍ ഉടനീളം റിലീസ് ചെയ്യപ്പെടുന്നുമുണ്ട്. ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ എത്ര വരുമെന്ന് ഇപ്പോള്‍ പ്രവചനം സാധ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം