കഴിഞ്ഞ വര്‍ഷമാണ് 'പണി' തിയറ്ററുകളില്‍ എത്തിയത്
കരിയറില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമായി ജോജു ജോര്‍ജ്. ജോജു സംവിധാനം ചെയ്ത ആദ്യ ചിത്രം 2024 ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ പണി ആയിരുന്നു. ജോജു നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തില്‍ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മുന്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയും ആയിരുന്നു. പണിയുടെ രണ്ടാം ഭാഗം തന്നെയാണ് ജോജു അടുത്തതായി ഒരുക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജോജു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പണി ഫ്രാഞ്ചൈസിയില്‍ മൂന്ന് ഭാഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്കുമെന്ന് ജോജു ജോര്‍ജ് പറയുന്നു. പണി 2 ആദ്യ ഭാഗത്തേക്കാൾ തീവ്രത കൂടിയ കഥയായിരിക്കുമെന്നും ഒന്നാം ഭാഗവുമായി അടുത്ത ഭാഗങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. "എല്ലാം പുതിയ അഭിനേതാക്കളും പുതിയ സ്ഥലവും പുതിയ കഥയും ആയിരിക്കും. രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനമായും പുതുമുഖങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക. പണി മൂന്നാം ഭാഗം മറ്റ് രണ്ട് ഭാഗങ്ങളേക്കാള്‍ തീവ്രതയുള്ള സിനിമയായിരിക്കും. അതിലും പുതുമുഖങ്ങൾക്കാണ് മുൻഗണന", ജോജു പറയുന്നു
ഗിരി എന്ന കഥാപാത്രത്തെയാണഅ പണിയില്‍ ജോജു അവതരിപ്പിച്ചത്. അഭിനയ നായികയായി എത്തിയ ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയ ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്‍സി, ജിന്‍റോ ജോർജ്, എഡിറ്റർ മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, സ്റ്റണ്ട് ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.
അതേസമയം മറുഭാഷകളിലും ഇന്ന് തിരക്കുള്ള നടനാണ് ജോജു ജോര്‍ജ്. സൂര്യ നായകനായ തമിഴ് ചിത്രം റെട്രോ ആണ് ജോജുവിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫിലും ജോജുവിന് വേഷമുണ്ട്.


