മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച പേട്രിയറ്റ് എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു പേട്രിയറ്റ്. നീണ്ട 18 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നു എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ഒപ്പം ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിങ്ങനെ നീളുന്ന താരനിരയും. അണിയറക്കാര്‍ ഹൈപ്പിന് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പം ഈ താരങ്ങളുമൊക്കെ ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഹൈപ്പ് താനേ വന്നു. എന്നാല്‍ കേവലം താരങ്ങളെ സെലിബ്രേറ്റ് ചെയ്യുന്ന ചിത്രമല്ലെന്നും പ്ലോട്ട് ഡ്രിവണ്‍ ചിത്രമാണെന്നുമൊക്കെ അണിയറക്കാര്‍ റിലീസിന് മുന്‍പേ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യദിനം തിയറ്ററുകളിലെത്തിയ താരാരാധകരില്‍ നിന്ന് ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം കുതിപ്പ് തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 29.1 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. രണ്ടാം ദിനമായ ശനിയാഴ്ചത്തെ കളക്ഷനോടെ ചിത്രം 40 കോടി കടന്നതായി ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് ഇന്ന് ഇതുവരെയുള്ള കളക്ഷന്‍ പരിഗണിച്ച് തുക അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ ചിത്രം ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്ന് ഇതിലൂടെ അറിയാനാവും. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്ന ഗ്രോസ് 50.23 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കളക്ഷന്‍ വന്നിരിക്കുന്നത് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നാണ്.

ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 16.15 കോടിയും ഗ്രോസ് 18.73 കോടിയുമാണ്. ബാക്കിയുള്ളത് വിദേശത്തു നിന്നും. മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രം എന്ന നിലയിലുള്ള ഹൈപ്പില്‍ നിന്നാണ് ഈ ഓപണിംഗ് വന്നിരിക്കുന്നത്. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അതേസമയം തിങ്കളാഴ്ച മുതല്‍ ചിത്രം ബോക്സ് ഓഫീസില്‍ എത്തരത്തില്‍ കളക്റ്റ് ചെയ്യുന്നു എന്നതാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്.

Asianet News Live | Kerala Assembly Election Results Live 2026 | Malayalam Breaking News | HD Live