18 വർഷത്തിന് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 

18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൻറെ പ്രിയതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി ഒന്നിക്കുന്ന ചിത്രം. മഹേഷ് നാരായണൻറെ സംവിധാനത്തിൽ മെയ് 1 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന പേട്രിയറ്റിൻറെ ഏറ്റവും വലിയ യുഎസ്പി അതാണ്. ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിങ്ങനെ നീളുന്ന താരനിരയും. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും ചിത്രത്തിന് വേണ്ടത്പ പബ്ലിസിറ്റിയോ ഹൈപ്പോ ഇല്ലെന്ന് സോഷ്യൽ മീഡിയയിൽ സിനിമാപ്രേമികളിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അത് തീർത്തും തെറ്റെന്ന് തെളിയിക്കുകയാണ് ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ്.

നിർമ്മാതാക്കൾ ഇന്നലെ അറിയിച്ചിരുന്നതു പോലെ ഇന്ന് രാവിലെ ഒൻപത് മണിക്കാണ് ചിത്രത്തിൻറെ ഓൾ ഇന്ത്യ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ചില വിദേശ മാർക്കറ്റുകളിൽ ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിൽ (ബിഎംഎസ്) ആദ്യ പത്ത് മിനിറ്റിന് ഉള്ളിൽത്തന്നെ 10,000 ടിക്കറ്റുകൾ വിൽക്കുന്ന നിലയിലേക്ക് ചിത്രം എത്തി. നിലവിൽ മണിക്കൂറിൽ 12,000 ൽ അധികം ടിക്കറ്റുകളാണ് ബിഎംഎസിലൂടെ ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ഇതിലൂടെ ചിത്രത്തിൻറെ ആദ്യ ബോക്സ് ഓഫീസ് കളക്ഷനും ട്രാക്കർമാർ പുറത്തുവിട്ട് തുടങ്ങിയിട്ടുണ്ട്.

ഇത് പ്രകാരം കേരള ബോക്സ് ഓഫീസിൽ 50 ലക്ഷം എന്ന സംഖ്യ വെറും 42 മിനിറ്റ് കൊണ്ട് ചിത്രം ക്രോസ് ചെയ്തു. ആദ്യ 45 മിനിറ്റിനുള്ളിലാവട്ടെ ഇത് 55.68 ലക്ഷത്തിലേക്കും എത്തി. ട്രാക്കർ ആയ ജെറിൻ ജോർജുകുട്ടിയുടെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത് 3.50 കോടിയാണ്. സിനിമാപ്രേമികളിൽ ഈ ചിത്രം എത്രത്തോളം കാത്തിരിപ്പ് ഉയർത്തിയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ബുക്കിംഗ്. അതേസമയം റിലീസിന് തൊട്ടുമുൻപ് വരെയുള്ള ആകെ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം എത്ര നേടും എന്നത് ഇൻഡസ്ട്രിയുടെ കൗതുകമുള്ള കാത്തിരിപ്പ് ആണ്. ചിത്രം കേരളത്തിൽ ഓപണിംഗ് റെക്കോര്‍ഡ് ഇടുമോ എന്ന ചോദ്യവും ആ കാത്തിരിപ്പില്‍ ഉണ്ട്. അതിന് ലിയോയെയും എമ്പുരാനെയുമാണ് പേട്രിയറ്റ് മറികടക്കേണ്ടത്. കേരളത്തില്‍ ഒരു സിനിമ നേടിയ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍റെ റെക്കോര്‍ഡ് നിലവില്‍ എമ്പുരാന്‍റെ പേരിലാണ്. രണ്ടാം സ്ഥാനത്ത് വിജയ്‍യുടെ ലിയോ ആണ്. 14.07 കോടിയാണ് വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ എമ്പുരാന്‍ കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയത്. 12 കോടി ആയിരുന്നു ലിയോയുടെ കേരള ഓപണിം​ഗ്.

Asianet News Live | Kerala Election | Assembly Election 2026 | Kerala Breaking News | Malayalam News