രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' എന്ന പുതിയ ചിത്രത്തിലൂടെ പ്രണവ് മോഹൻലാൽ ബോക്സ് ഓഫീസിൽ കൗതുകകരമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു

തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന ഒരു നടനല്ല പ്രണവ് മോഹന്‍ലാല്‍. ഇന്നലെ പുറത്തെത്തിയ ഡീയസ് ഈറേ അടക്കം അദ്ദേഹം നായകനായി അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. എന്നാല്‍ അതിന്‍റെ വിജയ ശതമാനം നമ്മെ അമ്പരപ്പിക്കും. നായകനായെത്തിയ അഞ്ചില്‍ നാല് ചിത്രങ്ങളും മികച്ച വിജയങ്ങള്‍ ആയിരുന്നു. മോളിവുഡില്‍ ഹൊറര്‍ ജോണറില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചിട്ടുള്ള സംവിധായകന്‍ രാഹുല്‍ സദാശിവനൊപ്പം പ്രണവ് മോഹന്‍ലാല്‍ എത്തുന്നു എന്നതായിരുന്നു ഡീയസ് ഈറേയുടെ ഏറ്റവും വലിയ യുഎസ്‍പി. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ വന്ന്, എന്നാല്‍ മലയാളത്തില്‍ ആദ്യമായി നടന്ന പെയ്ഡ് പ്രീമിയര്‍ ഷോകളോടെ കാണികള്‍ക്കിടയില്‍ വമ്പന്‍ മൗത്ത് പബ്ലിസിറ്റി സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. ഇത് ഓപണിംഗ് കളക്ഷനില്‍ വലിയ നേട്ടം ചിത്രത്തിന് നേടിക്കൊടുത്തിട്ടുണ്ട്. മികച്ച ഓപണിംഗ് കളക്ഷന്‍ നേടിയതിനൊപ്പം ബോക്സ് ഓഫീസിലെ കൗതുകകരമായ ഒരു നേട്ടവും പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്. 10 കോടിയില്‍ അധികം (ആഗോള) ഓപണിംഗ് നേടുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പ്രണവ്.

മോളിവുഡില്‍ മോഹന്‍ലാലിനാണ് ഈ നേട്ടം കൂടുതല്‍ തവണ കൈവന്നിരിക്കുന്നത്. അഞ്ച് തവണ. തുടരും, എമ്പുരാന്‍, മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം, ലൂസിഫര്‍, ഒടിയന്‍ എന്നീ ചിത്രങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. മൂന്ന് ചിത്രങ്ങളുമായി മമ്മൂട്ടിയാണ് രണ്ടാം സ്ഥാനത്ത്. ടര്‍ബോ, സിബിഐ 5, ഭീഷ്മപര്‍വ്വം എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. പ്രണവും ദുല്‍ഖറുമാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. ഡീയസ് ഈറേയ്ക്കൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രണവിന്‍റേതായി ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയും കുറുപ്പുമാണ് ദുല്‍ഖറിന്‍റെ ചിത്രങ്ങള്‍.

പൃഥ്വിരാജിന്‍റെയും ഫഹദ് ഫാസിലിന്‍റെയും ഓരോ ചിത്രങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആടുജീവിതവും ആവേശവുമാണ് അവ. മോളിവുഡില്‍ ഈ നേട്ടം സ്വന്തമാക്കുന്ന 15-ാമത്തെ ചിത്രമാണ് ഡീയസ് ഈറേ. അതേസമയം ഇന്നും മികച്ച ബുക്കിംഗ് ആണ് ഡീയസ് ഈറേ നേടുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 15,000 ന് അടുത്തെത്തിയിരുന്നു ഇന്ന് ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പന. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്