ഒരു മാസത്തില്‍ പ്രേമലു നേടിയത്. 

ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമാണ് പ്രേമലു. എന്നാല്‍ മലയാളത്തെയാകെ അമ്പരപ്പിച്ച് ഹിറ്റ് ചിത്രമായിരിക്കുകയാണ് പ്രേമലു. പ്രേമലു ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ നേട്ടുമുണ്ടാക്കിയിരിക്കുകയാണ്. ഒരു മാസം പിന്നിടുമ്പോള്‍ കേരളത്തില്‍ ചിത്രം ആകെ നേടിയതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകള്‍.

ഇന്നലെ പ്രേമലു ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. ഫെബ്രുവരി ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി 52.7 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതൊരു ചരിത്ര നേട്ടവുമായിട്ടാണ് കണക്കാക്കപ്പെടുന്നത്. വമ്പൻമാരുടെ പിന്തുണയില്ലാത്ത യുവ താരങ്ങളുടെ ചിത്രമായി എത്തിയ പ്രേമലു കേരള ബോക്സ് ഓഫീസില്‍ ഒരു മാസം കഴിഞ്ഞിട്ടും വൻ കളക്ഷൻ നേടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് മുന്നേ എത്തിയ ചിത്രമായിട്ടും ആഗോള ബോക്സ് ഓഫീസില്‍ മലയാളത്തില്‍ നിന്ന് പിന്നീടും കുതിപ്പ് രേഖപ്പെടുത്തിയത് പ്രേമലുവാണ്. വൻ അഭിപ്രായങ്ങള്‍ നേടിയിട്ടും ഭ്രമയുഗത്തേക്കാള്‍ കളക്ഷൻ നേടാൻ പ്രേമലുവിന് കഴിഞ്ഞു. മമ്മൂട്ടിയുടെ ആരാധകരെയും അമ്പരപ്പിക്കുന്ന നേട്ടമായിരുന്നു കളക്ഷനില്‍ പ്രേമലുവിന്. കേരളത്തിനു പുറത്തും മികച്ച പ്രതികരണമുണ്ടാക്കാനായതാണ് ചിത്രത്തിന് ആഗോള ബോക്സ് ഓഫീസില്‍ അനുകൂല ഘടകമായി മാറിയത്.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. തമാശയ്‍ക്കും പ്രാധാന്യം നല്‍കിയ ഒരു ചിത്രമാണ് നസ്‍ലെന്റെ പ്രേമലു. പുതിയ കാലത്തിന് യോജിച്ച തരത്തിലുള്ളതായിരുന്നു ചിത്രത്തിലെ തമാശകള്‍ എന്നതും പ്രേമലുവിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാൻ കാരണമായി.

Read More: പൃഥ്വിരാജ് മോഹൻലാലിന് പഠിക്കുകയാണോ?, അതോ?, വീഡിയോയിലെ കൗതുകം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക