പ്രീ ഓറിക്കുലാര്‍ സൈനസ് ആയിരുന്നു ചൈതന്യയ്ക്ക്.
സമൂഹമാധ്യമ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ആളാണ് ചൈതന്യ പ്രകാശ്. ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും മറ്റും ശ്രദ്ധനേടിയ ചൈതന്യ നർത്തകിയ്ക്ക് പുറമെ സിനിമ നടി കൂടിയാണ്. ഈ വർഷം ജനുവരിയിൽ തനിക്ക് ഒരു സർജറി കഴിഞ്ഞ വിവരം ചൈതന്യ അറിയിച്ചിരുന്നു. പ്രീ ഓറിക്കുലാര്‍ സൈനസ് ആയിരുന്നുവെന്നും സർജറി അല്ലാതെ വേറെ മാർഗമൊന്നും ഇല്ലായിരുന്നുവെന്നും ചൈതന്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ സൈനസിന്റെ ഈ പ്രശ്നം എങ്ങനെ വന്നുവെന്ന് പറയുകയാണ് ചൈതന്യ.
"ഇത് ഭയങ്കര വലിയൊരു അസുഖം അല്ല. ആദ്യം തന്നെ ഡോക്ടർ പറഞ്ഞത് പോലെ ചെയ്തിരുന്നുവെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു. 2021ൽ ആണെന്ന് തോന്നുന്നു, അപ്പോഴാണ് എനിക്ക് ആദ്യമായി ഇൻഫെക്ടഡാകുന്നത്. ചെവിയുടെ മുകളിലായി ഒരു കുഞ്ഞ് മറുക് ജനിച്ചത് മുതൽ ഉണ്ടായിരുന്നു. ആദ്യം അത് ഇൻഫെക്ടഡായപ്പോൾ മുഖക്കുരു ആണെന്നാണ് കരുതിയത്. വേദന കൂടിയപ്പോഴാണ് ഞാൻ ആശുപത്രിയിൽ പോകുന്നത്. ഒടുവിൽ പ്രീ-ഓറിക്കുലർ സൈനസാണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തു. ആന്റിബയോട്ടിക്കുകൾ തന്നെങ്കിലും അതെനിക്ക് വർക്കായില്ല. പിന്നീട് മെഡിക്കേഷന്‍ ചെയ്ത് എല്ലാം ശരിയാക്കി", എന്ന് ചൈതന്യ പറയുന്നു.
"പക്ഷേ അത് വീണ്ടും വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. അത് പൂർണമായും മാറ്റാൻ സർജറി വേണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അന്നത് അത്ര സീരിയസ് ആയിട്ടെടുത്തില്ല. അതിനി വരില്ലെന്ന് വിശ്വസിച്ചു. പക്ഷേ നമ്മുടെ മോശം സമയം എന്ന് പറയില്ലേ. 2024 അങ്ങനെ ഒരു സമയമായിരുന്നു. അത്രയും ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. നാല് തവണ ഇൻഫെക്ഷൻ വന്നു. ഈ അണുബാധ പൂർണമായി മാറാതെ സർജറിയും ചെയ്യാൻ പറ്റില്ല. അത്രയും വേദന സഹിച്ചു. ആന്റിബയോട്ടിക്കുകൾ കഴിച്ചതിന് കയ്യും കണക്കും ഇല്ലായിരുന്നു. ഒരു ദിവസം തന്നെ ഒൻപതും പത്തും ഗുളികകൾ കഴിക്കുന്നുണ്ടായിരുന്നു. നമ്മൾ ഭയങ്കരമായി ക്ഷീണിച്ച് പോകും. ഒടുവിൽ 2024 ഡിസംബർ അവസാനം പെട്ടെന്ന് സർജറി ചെയ്യുകയായിരുന്നു", എന്നും ചൈതന്യ കൂട്ടിച്ചേർത്തു. ദ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചൈതന്യയുടെ പ്രതികരണം.



