മോഹന്‍ലാലിന്‍റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'രാവണപ്രഭു' 4K ഡോള്‍ബി അറ്റ്‍മോസ് മികവില്‍ വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്നാണ് റിലീസ്
മലയാളത്തില്‍ റീ റിലീസിലൂടെ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം പണം വാരിയത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ദേവദൂതനും സ്ഫടികവും മണിച്ചിത്രത്താഴും ഛോട്ടാ മുംബൈയുമൊക്കെ അക്കൂട്ടത്തില്‍ പെടും. ഇപ്പോഴിതാ റിലീസ് സമയത്ത് തന്നെ ഏറെ ആഘോഷിക്കപ്പെട്ട മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റം ആയിരുന്ന 2001 ചിത്രം രാവണപ്രഭുവാണ് അത്. 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ അഡ‍്വാന്‍സ് ബുക്കിംഗ് ഏതാനും ദിവസം മുന്‍പ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
റിലീസിന് മുന്നോടിയായി എറണാകുളം കവിത തിയറ്ററില്‍ ഇന്നലെ വൈകിട്ട് റീമാസ്റ്റേര്‍ഡ് പതിപ്പിന്‍റെ പ്രിവ്യൂ നടന്നിരുന്നു. ഹൗസ്‍ഫുള്‍ ഷോയോടെയാണ് ആരാധകര്‍ ഈ പ്രീമിയര്‍ ഷോയെ വരവേറ്റത്. എറണാകുളം കവി, തൃശൂര്‍ രാഗം, കോട്ടയം അഭിലാഷ്, തിരുവനന്തപുരം ഏരീസ് പ്ലെക്സ് തുടങ്ങി കേരളത്തിലെ ബിഗ് കപ്പാസിറ്റി സ്ക്രീനുകളിലെയെല്ലാം ഇന്നത്തെ ആദ്യത്തെ ഷോകള്‍ക്ക് ഹൗസ്‍ഫുള്‍ സ്റ്റാറ്റസ് ആണ്. കേരളത്തില്‍ മാത്രം 162 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒപ്പം കേരളത്തിന് പുറത്തും ഗള്‍ഫിലുമൊക്കെ ചിത്രത്തിന് റിലീസ് ഉണ്ട്.
ട്രാക്കര്‍മാരായ വാട്ട് ദി ഫസ് നല്‍കുന്ന കണക്ക് പ്രകാരം ട്രാക്ക് ചെയ്യപ്പെട്ട 294 ഷോകളില്‍ നിന്ന്, അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് ചിത്രം വിറ്റത് 23,000 ടിക്കറ്റുകളാണ്. ഇതിലൂടെ നേടിയതാവട്ടെ 36 ലക്ഷം രൂപയും. ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് മികച്ച അഡ്വാന്‍സ് ബുക്കിംഗ് കണക്ക് ആണ് ഇത്. അതേസമയം ബെംഗലൂരു പോലെയുള്ള സെന്‍ററുകളിലും മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗില്‍ ലഭിച്ചത്. നയന്‍റീസ് കിഡ്സിന്‍റെ ഫേവറൈറ്റ് ചിത്രങ്ങളിലൊന്നാണ് രാവണപ്രഭു. അവരെ സംബന്ധിച്ച് തങ്ങളുടെ കൗമാരകാലത്തിന്‍റെ നൊസ്റ്റാള്‍ജിയ തിയറ്ററുകളില്‍ ഒരിക്കല്‍ക്കൂടി അനുഭവിക്കാനുള്ള അവസരമാണ് ഇത്. അതേസമയം ആദ്യ ഷോകള്‍ക്ക് ഇപ്പുറം ചിത്രം തിയറ്ററുകളില്‍ എത്തരത്തില്‍ ഹോള്‍ഡ് ഉണ്ടാക്കും എന്നറിഞ്ഞാലേ റീ റിലീസ് വിജയിക്കുമോ എന്ന് പറയാന്‍ പറ്റൂ. മോഹന്‍ലാലിന്‍റെ മുന്‍ റീ റിലീസുകളുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ അതിനാണ് സാധ്യത.



