ഷാഹി കബീര്‍ സംവിധാനം ചെയ്‍ത ചിത്രം

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച ത്രില്ലറുകള്‍ ഇറങ്ങുന്നത് മലയാളത്തില്‍ നിന്നാണെന്ന് മറുഭാഷാ സിനിമാപ്രേമികള്‍ പോലും പറയാറുണ്ട്. മറ്റ് ഭാഷകളെ അപേക്ഷിച്ച് എണ്ണത്തില്‍ അധികം ത്രില്ലര്‍ സിനിമകള്‍ ഇറങ്ങുന്നതും മലയാളത്തില്‍ നിന്നുതന്നെ. ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ജനകീയമായതോടെയാണ് മലയാളം ചിത്രങ്ങള്‍ കൂടുതലായി മറുഭാഷാ പ്രേക്ഷകരിലേക്ക് എത്തിത്തുടങ്ങിയത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നുള്ള ഒരു സമീപകാല ത്രില്ലര്‍ ചിത്രം കൂടി ഒടിടി റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്ത റോന്ത് എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ നാളെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം.

ജൂണ്‍ 13 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിരക്കഥാകൃത്തും സംവിധായകനുമായുള്ള മുന്‍ ചിത്രങ്ങളെപ്പോലെതന്നെ പൊലീസ് പശ്ചാത്തലമുള്ള ചിത്രമാണ് ഇക്കുറിയും ഷാഹി കബീര്‍ ഒരുക്കിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കാനും ചിത്രത്തിന് സാധിച്ചു. ഒടിടിയില്‍ എത്തുമ്പോഴേക്ക് ചിത്രം ഏറെക്കുറെ തിയറ്ററുകളില്‍ നിന്ന് പിന്മടങ്ങിയിട്ടുമുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 6.57 കോടിയാണ്. ഗ്രോസ് 6.85 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 2.05 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 8.9 കോടിയാണ്.

ഒരു രാത്രി പട്രോളിം​ഗിന് ഇറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. യോഹന്നാൻ എന്ന എസ്ഐ ആയി ദിലീഷ് പോത്തനും ദിനനാഥ് എന്ന ഡ്രൈവറായി റോഷൻ മാത്യുവും ആണ് എത്തുന്നത്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

മലയാളത്തിലെ പൊലീസ് സിനിമകളില്‍ റിയലിസ്റ്റിക് ആഖ്യാനവുമായി എത്തിയ ആളാണ് ഷാഹി കബീര്‍. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് ആയ ജോസഫിന്‍റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ഷാഹി നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ്. ഇലവീഴാ പൂഞ്ചിറയിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു.

Ronth| Official Trailer| Dileesh Pothan, Roshan Mathew| Directed by Shahi Kabir| In Cinemas 13 June