Asianet News MalayalamAsianet News Malayalam

ഹോളിവുഡ് ബോക്സ് ഓഫീസില്‍ 'സ്പൈഡര്‍മാന്' പുതിയ എതിരാളി; മൂന്ന് ദിവസത്തില്‍ ബജറ്റ് തിരിച്ചുപിടിച്ച് 'സ്ക്രീം'

14നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

scream box office dethrones spider man in us box office
Author
Thiruvananthapuram, First Published Jan 18, 2022, 11:25 PM IST

ഹോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളുടെ നിരയിലാണ് ഇപ്പോള്‍ മാര്‍വെലിന്‍റെ 'സ്പൈഡര്‍മാന്‍' (Spider Man). ഡിസംബര്‍ 17ന് തിയറ്ററുകളില്‍ എത്തിയതു മുതല്‍ ആഗോള ബോക്സ് ഓഫീസില്‍ ചിത്രത്തിന് എതിരാളികള്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അതിപ്പോള്‍ പഴയ കഥയാണ്. സ്പൈഡര്‍മാനെ അപേക്ഷിച്ച് ബജറ്റില്‍ കുഞ്ഞനായ ഒരു ചിത്രം അമേരിക്കയില്‍ നേട്ടമുണ്ടാക്കുകയാണ്. മൂന്നേ മൂന്ന് ദിവസത്തില്‍ ബജറ്റ് തിരിച്ചുപിടിച്ച ചിത്രം യുഎസ് ബോക്സ് ഓഫീസില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ഹോളിവുഡ് സ്ലാഷര്‍ സിരീസ് 'സ്ക്രീ'മിലെ (Scream) അഞ്ചാം ചിത്രമാണ് അമേരിക്കയില്‍ യുവ പ്രേക്ഷകരെ തിയറ്ററുകളിലെത്തിച്ച് വന്‍ കളക്ഷന്‍ നേടിയിരിക്കുന്നത്.

ജനുവരി 14ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ വാരാന്ത്യത്തില്‍ (മൂന്ന് ദിവസം) മാത്രം നേടിയത് 34 മില്യണ്‍ ഡോളര്‍ (254 കോടി രൂപ) ആണ്. അമേരിക്കയിലെ 3664 സ്ക്രീനുകളില്‍ നിന്നുള്ള കണക്കാണ് ഇത്. നിര്‍മ്മാതാക്കളായ പാരമൗണ്ടിനും സ്പൈഗ്ലാസ് മീഡിയക്കും ഇത് ആഹ്ളാദം പകരുന്ന നേട്ടമാണ്. കാരണം 25 മില്യണ്‍ ഡോളര്‍ (186 കോടി രൂപ) മാത്രമാണ് ചിത്രത്തിന്‍റെ മുടക്കുമുതല്‍. അതായത് മൂന്ന് ദിവസത്തെ യുഎസ് കളക്ഷന്‍ കൊണ്ടുതന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് ഈ ഹൊറര്‍ ചിത്രം.

വെസ് ക്രാവെന്‍റെ സംവിധാനത്തില്‍ 1996ലാണ് സ്ക്രീം സിരീസിലെ ആദ്യ ചിത്രം പുറത്തുവരുന്നത്. പിന്നീട് 1997, 2000, 2011 വര്‍ഷങ്ങളില്‍ രണ്ട്, മൂന്ന്, നാല് ഭാഗങ്ങള്‍ പുറത്തെത്തി. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഞ്ചാം ഭാഗം പുറത്തെത്തിയിരിക്കുന്നത്. ഇതില്‍ നാലാം ഭാഗം ബോക്സ് ഓഫീസില്‍ ഓളമൊന്നും സൃഷ്‍ടിക്കാതെപോയ ചിത്രമാണ്. ആദ്യ നാല് ഭാഗങ്ങളും സംവിധാനം ചെയ്‍ത വെസ് ക്രാവെന്‍ 2015ലാണ് മരിച്ചത്. മാറ്റ് ബെട്ടിനെല്ലി ഓള്‍പിന്‍, ടൈലര്‍ ഗില്ലെറ്റ് എന്നിവര്‍ ചേര്‍ന്നാണ് അഞ്ചാം ഭാഗം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രം വരും വാരങ്ങളിലും ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios