ഷാരൂഖിന് മറ്റൊരു റെക്കോര്‍ഡും സ്വന്തമാകും.

ഇന്ത്യൻ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷൻ റിപ്പോര്‍ട്ടിനാണ്. ആഗോളതലത്തില്‍ ഷാരൂഖ് ഖാൻ എത്ര കളക്ഷൻ നേടി എന്ന റിപ്പോര്‍ട്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാല്‍ സിനിമയിലെ നായകന് മറ്റൊരു റെക്കോര്‍ഡ് സ്വന്തമാകും.

ആഗോളതലത്തില്‍ ജവാൻ നേടിയത് 979.29 കോടി രൂപയാണ് എന്ന റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഷാരൂഖ് ഖാൻ രണ്ടാം 1000 കോടി ക്ലബില്‍ എത്തിയെന്ന് ചില ട്രേഡ് അനലിസ്റ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാല്‍ 1000 കോടി ചിത്രങ്ങള്‍ രണ്ടെണ്ണം എന്ന റെക്കോര്‍ഡ് ഷാരൂഖ് ഖാന്റെ പേരിലാകും. നേരത്തെ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബില്‍ കടന്നിരുന്നു.

ഇന്ത്യയില്‍ നിന്ന് 1000 കോടി ചിത്രങ്ങളില്‍ ദംഗല്‍, ബാഹുലി 2, ആര്‍ആര്‍ആര്‍ എന്നിവയും ഉള്‍പ്പെടും. ആമിര്‍ ഖാന്റെ ദംഗല്‍ 2000 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ദംഗല്‍ ആഗോളതലത്തില്‍ ആകെ 2,024 കോടി നേടിയപ്പോള്‍ എസ് എസ് രാജമൗലിയുടെയുടെ സംവിധാനത്തില്‍ പ്രഭാസ് നായകനായ ബാഹുബലി 2 നേടിയത് 1810 കോടിയും രാം ചരണും ജൂനിയര്‍ എൻടിആറും നായകൻമാരായ ആര്‍ആര്‍ആര്‍ നേടിയത് 1250 കോടിയുമാണ്. പ്രശാന്ത് നീല്‍ യാഷിനെ നായകനാക്കി സംവിധാനം ചെയ്‍ത് ഹിറ്റായ കെജിഎഫ് 2 നേടിയത് 1250 കോടിയുമാണ്.

തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഹിന്ദി ചിത്രം വിസ്‍മയിപ്പിക്കുന്ന വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നായികാ വേഷത്തില്‍ ചിത്രത്തില്‍ നയൻതാരയാണ് എത്തിയത്. മികച്ച പ്രകടനമായിരുന്നു ജവാനില്‍ നയൻതാരയുടേതും. വിജയ് സേതുപതിയാണ് ജവാനില്‍ വില്ലൻ.

Read More: പണംവാരിപ്പടങ്ങളില്‍ മുന്നില്‍ ടൊവിനൊ, രണ്ട് സിനിമകള്‍ മോഹൻലാലിന്, ഇടമില്ലാതെ മമ്മൂട്ടി, 6 സ്ഥാനങ്ങളില്‍ ഇവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക