സ്‍പൈഡര്‍മാൻ ഇന്ത്യയില്‍ നേടിയ ഒഫിഷ്യല്‍ കളക്ഷൻ കണക്കുകള്‍ പുറത്ത്.

ബോക്സ് ഓഫീസില്‍ നേടുന്ന കോടികളുടെ കണക്കിലാണ് ഇന്ന് ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്നത്. രാജ്യത്തെ വിവിധ ഭാഷകളിലെ വമ്പൻ ചിത്രങ്ങള്‍ സംസ്ഥാന ഭേദമന്യേ മികച്ച സ്വീകാര്യത നേടുന്ന കാഴ്‍ചയാണ് സമീപകാലത്ത് കാണുന്നത്. ഇന്ത്യൻ ഭാഷാ ചിത്രങ്ങള്‍ മാത്രമല്ല ഹോളിവുഡ് സിനിമകളും രാജ്യത്ത് വമ്പൻ വിജയം സ്വന്തമാക്കാറുണ്ട്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവില്‍ ചേര്‍ന്ന ചിത്രമാണ് സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ചിത്രമാണ് ഇത്. ഇന്ത്യയിലും വൻ കുതിപ്പാണ് ചിത്രം നേടുന്നത്.

ചിത്രത്തിന്‍റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് ഇവര്‍ നേരത്തേ അറിയിച്ചിരുന്നു. 73 കോടി ആയിരുന്നു റിലീസ് ദിനമായ ജൂലൈ 30 ന് ചിത്രം നേടിയ കളക്ഷന്‍. എന്നാല്‍ ഓപണിംഗിനെയും മറികടക്കുന്ന കളക്ഷനാണ് ചിത്രം പിറ്റേദിവസം നേടിയത്. സോണി പിക്ചേഴ്സ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ ഗ്രോസ് 216 കോടിയില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ 73 കോടി ഓപണിംഗ് ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടിയ എക്കാലത്തെയും വലിയ ഓപണിംഗ് ആയിരുന്നു.

ഞായറാഴ്ച കൂടിയായ നാലാം ദിനമായ ഇന്നലെ വന്‍ ഒക്കുപ്പന്‍സിയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 60,000 ടിക്കറ്റിന് മുകളിലാണ് ചിത്രം വിറ്റുകൊണ്ടിരുന്നത്. കൊളംബിയ പിക്ചേഴ്സും മാര്‍വെല്‍ സ്റ്റുഡിയോസും പാസ്കല്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാങ് ചി ആന്‍ഡ് ദി ലെജന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്സ് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്പൈഡര്‍മാനായി ടോം ഹോളണ്ട് എത്തുന്ന ചിത്രത്തില്‍ സെന്‍‍ഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലണ്‍, ജോണ്‍ ബേണ്‍താല്‍, ഫ്ലോറന്‍സ് പ്യൂ, ട്രമെല്‍ ടില്‍മാന്‍, മരീസ ടൊമെയ്, മാര്‍ക് റുഫാലോ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക