Asianet News MalayalamAsianet News Malayalam

റിലീസ് ദിനത്തിലെ ട്രോളുകളില്‍ പടം വീണോ? 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2' രണ്ട് ദിനത്തില്‍ നേടിയത്

മോശം അഭിപ്രായം ലഭിച്ച ചിത്രമായതിനാല്‍ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഐപിഎല്‍ ഫൈനല്‍ നടക്കുന്നതിനാല്‍ ഞായറാഴ്ചത്തെ ഈവനിംഗ് ഷോകള്‍ക്കും പ്രേക്ഷകര്‍ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

student of the year 2 initial collection
Author
Mumbai, First Published May 12, 2019, 6:13 PM IST

ബോളിവുഡില്‍ 2012ലെ ഏറ്റവും വലിയ പണവാരിപ്പടങ്ങളില്‍ ഒന്നായിരുന്നു 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍'. അലിയ ഭട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയും വരുണ്‍ ധവാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് കരണ്‍ ജോഹര്‍ ആയിരുന്നു. ചിത്രം നേടിയ അഭൂതപൂര്‍വ്വമായ വിജയം തന്നെയാവും ഏഴ് വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗവുമായി എത്താന്‍ കരണ്‍ ജോഹറിനെ പ്രേരിപ്പിച്ചത്. പക്ഷേ ഇക്കുറി അദ്ദേഹം സംവിധായകനല്ല, നിര്‍മ്മാതാവ് ആണെന്ന് മാത്രം. പിനീത് മല്‍ഹോത്രയാണ് 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2' സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് ബോക്‌സ്ഓഫീസിന് ഈ വര്‍ഷം പ്രതീക്ഷയുള്ള പ്രോജക്ടുകളിലൊന്നായിരുന്നു ഇത്. പക്ഷേ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ബിലോ ആവറേജ് എന്ന അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം ട്വിറ്ററില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഈ നെഗറ്റീവ് അഭിപ്രായങ്ങള്‍ ചിത്രത്തിന്റെ ഇനിഷ്യല്‍ കളക്ഷനെ ബാധിച്ചോ?

ഇല്ലെന്നാണ് ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പറയുന്നത്. 12.06 കോടിയാണ് ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്ന് ചിത്രം വെള്ളിയാഴ്ച നേടിയത്. പക്ഷേ ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് ലഭിച്ച മോശം അഭിപ്രായം വൈകുന്നേരത്തെ പ്രദര്‍ശനങ്ങളില്‍ പ്രതിഫലിച്ചു. നഗരങ്ങളിലെ ഫസ്റ്റ്, സെക്കന്റ് ഷോകളില്‍ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ കുറവായിരുന്നു. നെഗറ്റീവ് പബ്ലിസിറ്റിയാണ് ഉയര്‍ന്നതെങ്കിലും ശനിയാഴ്ച ചിത്രത്തിന്റെ കളക്ഷനില്‍ ചെറിയ വര്‍ധനവുണ്ടായി. 14.02 കോടിയാണ് ശനിയാഴ്ചത്തെ കളക്ഷന്‍. ആകെ രണ്ട് ദിനങ്ങളിലായി 26.08 കോടി.

മോശം അഭിപ്രായം ലഭിച്ച ചിത്രമായതിനാല്‍ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഐപിഎല്‍ ഫൈനല്‍ നടക്കുന്നതിനാല്‍ ഞായറാഴ്ചത്തെ ഈവനിംഗ് ഷോകള്‍ക്കും പ്രേക്ഷകര്‍ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2ന്റെ ബോക്‌സ്ഓഫീസ് ഭാവി അറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും. 

Follow Us:
Download App:
  • android
  • ios