തകര്‍ച്ച സമ്പൂര്‍ണ്ണം; ആറ് അക്ക കളക്ഷനുമായി വെള്ളിയാഴ്ച! ബോളിവുഡിനെ ലജ്ജിപ്പിച്ച് കങ്കണയുടെ 'തേജസ്'
ഒക്ടോബര്‍ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം

ബോളിവുഡില്‍ മികച്ച വിജയശരാശരിയുള്ള താരങ്ങള്‍ ഇപ്പോള്‍ കുറവാണ്. രണ്ട് 1000 കോടി ക്ലബ്ബ് ചിത്രങ്ങളുമായി നില്‍ക്കുന്ന ഷാരൂഖ് ഖാന്‍ ഒഴികെയുള്ള ഒരു സൂപ്പര്‍താരത്തിനും ഇപ്പോള്‍ വിജയങ്ങളില്ല. ബോളിവുഡില്‍ കേന്ദ്ര കഥാപാത്രമായി ഏറ്റവുമധികം ചിത്രങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന നായികയായ കങ്കണയുടെ കാര്യവും ഇതേരീതിയിലാണ്. കഴിഞ്ഞ അഞ്ച് റിലീസുകളില്‍ നാലും പരാജയപ്പെട്ടതിന്‍റെ പിന്നാലെയാണ് ഏറ്റവും പുതിയ ചിത്രം തേജസ് കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ തേജസും ആ പരാജയത്തുടര്‍ച്ചയുടെ ഭാഗമാവുകയാണ്.
ഒക്ടോബര്‍ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം നേടിയ ഓപണിംഗ് കളക്ഷന്‍ ഒരു കോടി ആയിരുന്നു. തുടര്‍ന്നുള്ള ദിനങ്ങളിലെ പ്രകടനത്തിലും നേട്ടമൊന്നുമുണ്ടാക്കാനായില്ല ചിത്രത്തിന്. ആദ്യ വാരാന്ത്യത്തിന് പിന്നാലെതന്നെ രാജ്യമൊട്ടാകെ ചിത്രത്തിന്‍റെ 50 ശതമാനത്തോളം ഷോകള്‍ പ്രേക്ഷകരുടെ കുറവ് മൂലം റദ്ദാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റിലീസിംഗിന്‍റെ രണ്ടാം വെള്ളിയാഴ്ചയായ ഇന്നലെ ചിത്രം നേടിയ കളക്ഷന്‍ ബോളിവുഡ് വ്യവസായത്തിന് തന്നെ ക്ഷീണമാവുകയാണ്. 5- 6 ലക്ഷം മാത്രമാണ് ചിത്രം ഇന്നലെ നേടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്‍റെ ആകെ കളക്ഷന്‍ ഇപ്പോള്‍ നില്‍ക്കുന്നത് 6 കോടിയിലാണ്.
60 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ വന്‍ തകര്‍ച്ചയാണ് ഇത്. ഇത്രയധികം നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി വന്നതിനാല്‍ ചിത്രം ഇനി ബോക്സ് ഓഫീസില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ സാധ്യത അവശേഷിക്കുന്നില്ല. ശര്‍വേഷ് മെവാരയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ എയര്‍ ഫോഴ്സ് ഓഫീസര്‍ തേജസ് ഗില്ലിനെയാണ് കങ്കണ അവതരിപ്പിക്കുന്നത്. അന്‍ഷൂല്‍ ചൌഹാന്‍, വരുണ്‍ മിത്ര, ആശിഷ് വിദ്യാര്‍ഥി, മലയാളി താരം വിശാക് നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : മൈനസ് 65 ഡിഗ്രി തണുപ്പിലെ നില്‍പ്പ്; 'ക്രയോതെറാപ്പി' പരീക്ഷിച്ച് സാമന്ത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക